ഇന്ധനക്കൊള്ളക്ക് അറുതിയില്ല; പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ; ഡീസലിന് 41 പൈസ

പെട്രോൾ‐ഡീസൽ വില തുടർച്ചയായി പതിനൊന്നാം ദിവസവും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഞായറാഴ്ച അർധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വർധിപ്പിച്ചിരുന്നു.

ഇതോടെ ഡീസൽ‐പെട്രോൾ വില ഏറ്റവും ഉയർന്ന നിരക്കിലെത്തി. തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്‌ച വില.

ഒന്പതു ദിവസംകൊണ്ട് പെട്രോളിന് 1.52 രൂപയും ഡീസലിന് 2.04രൂപയും വർധിച്ചു. ഒരുമാസത്തിനിടെ മൂന്നുരരൂപയോളമാണ് ഇന്ധനവില കൂട്ടിയത‌്. ഇതോടെ പെട്രോൾ, ഡീസൽ വിലകൾ തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ‌്.

കോഴിക്കോട്ട് ഡീസലിന് 75.26 ഉം പെട്രോളിന് 81.46ഉം രൂപയാണ്. എറണാകുളത്ത് ഡീസൽ 74.78, പെട്രോൾ 81.02, മലപ്പുറത്ത് ഡീസൽ 75.5ധ, പെട്രോൾ 81.70 രൂപ എന്നിങ്ങനെയുമാണ് വില.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് ദിവസേനയുള്ള വിലവർധന. കഴിഞ്ഞദിവസം പാചകവാതകത്തിന് കേന്ദ്ര സർക്കാർ വില കൂട്ടിയിരുന്നു. ആഗോള വിപണിയിൽ രൂപയുടെ മൂല്യം ഇടിയുന്നതിനാൽ ഇന്ധനവില ഇനിയുമേറും. ലോറിസമരം അവസാനിച്ച ജൂലൈ 30 മുതലാണ് ഇന്ധനവില കുതിപ്പ് തുടങ്ങിയത്. ഇടവിട്ട ദിവസങ്ങളിലായിരുന്നു വർധന.

2016 ഫെബ്രുവരിയിൽ കേരളത്തിൽ ഡീസൽ വില 48 രൂപയിൽ താഴെയായിരുന്നു. 2014ൽ ബിജെപി അധികാരത്തിലേറുമ്പോൾ ഒരു ലിറ്റർ ഡീസലിന് 3.46 രൂപ എക്സൈസ് നികുതി ഈടാക്കിയിരുന്നത് ഇന്ന് 15.33 രൂപയായി. ഒരു ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്ന എക്സൈസ് നികുതി ഇപ്പോൾ 19.48 രൂപയാണ്.

2014ൽ എണ്ണക്കമ്പനികൾ 10 ശതമാനത്തിൽ താഴെയാണ് ലാഭം ഈടാക്കിയിരുന്നത്. ഇപ്പോൾ 16 ശതമാനത്തോളമാണ് ലാഭവിഹിത വർധന. അയൽ രാജ്യങ്ങളിലെല്ലാം ഇന്ത്യയിലേതിനെക്കാൾ കുറവാണ് എണ്ണ വില. വിവിധ രാജ്യങ്ങളിലെ ഡീസൽ വില: മലേഷ്യ‐ 37.26, ശ്രീലങ്ക‐51.57, ബംഗ്ലാദേശ്‐ 54.58, നേപ്പാൾ‐ 59.71, ഭൂട്ടാൻ‐ 62.10, പാകിസ്ഥാൻ‐ 64.82.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News