
മനുഷ്യമനസ്സാക്ഷിയെ കീറിമുരിക്കുന്ന വാര്‍ത്തയാണ് ഞായറാഴ്ച പുറത്തുവന്നത്. കോഴിക്കോട് ബാലുശ്ശേരി നര്‍മ്മലൂരില്‍ ജനിച്ചയുടന്‍ അമ്മ പിഞ്ചുകുഞ്ഞിനെ ബ്ലേഡ്കൊണ്ട് കഴുത്തറുത്തുകൊന്നു.
തൊട്ടുപിറകെ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം റിന്‍ഷ രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയായത്.
സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുകയായിരുന്നു യുവതി. റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി യുവാക്കള്‍ വീട്ടിലെത്തിയിരുന്നു. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയത്. ഇതോടെ നാട്ടുകാര്‍ ഇവരുടെ കാര്യം ശ്രദ്ധിക്കാതെയായി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അപ്പോള്‍ ജനിച്ച് ഉടന്‍തന്നെയുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു.
രക്തം വാര്‍ന്ന റിന്‍ഷ അവശനിലയിലും. പ്രാണവേദനയാലുള്ള കുഞ്ഞിന്‍റെ കരച്ചിലാണ് നാട്ടുകാരെ ഉണര്‍ത്തിയത്. റിന്‍ഷയും അമ്മയും സഹോദരനുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
നാട്ടുകാരുമായി കുടുംബത്തിന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് അടുത്തുള്ളവര്‍ പതിവായി നല്‍കിയിരുന്ന സഹായവും നിര്‍ത്തിയിരുന്നു.
വനിതാ പൊലീസിനെ കണ്ടപ്പോള്‍ത്തന്നെ തനിക്കുണ്ടായ കാര്യങ്ങള്‍ റിന്‍ഷ തുറന്നുപറഞ്ഞു ഒന്നൊഴികെ കുഞ്ഞിന്‍റെ അച്ഛന്‍ ആരെന്ന കാര്യം. വിവിധയിടങ്ങളില്‍ ജോലി ചെയ്തു. വീട്ടുജോലിക്കും പോയി.
“ഒറ്റയ്ക്കാ സാറേ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണ്. കൊല്ലണമെന്നുണ്ടായിരുന്നില്ല.
എന്നാല്‍ കുഞ്ഞിന് ചിലപ്പോ ഒരുനേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്”. റിന്‍ഷയിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here