വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി കടകംപള്ളി

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച കൈത്താങ്ങിന് കൂപ്പുകൈ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിലുണ്ടായിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ തകര്‍ച്ചയാണ് പ്രധാന വെല്ലുവിളി. ഈ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് ടൂറിസം വകുപ്പിന്‍റെ ഭാഗത്തുനിന്നു സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ടൂറിസം മേഖല പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും അകപ്പെട്ടപ്പോള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയിലുള്ളവരുടെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളെ ദുരന്തമേഖലയില്‍നിന്നു രക്ഷിക്കുന്നതിനും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങളിലും മേഖലയിലെ ഉദ്യോഗസ്ഥരും പങ്കാളികളും ജീവനക്കാരും ഒന്നടങ്കം സഹകരിച്ചു.

പ്രളയത്തിലകപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനു റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും വിട്ടുനല്‍കി. ജീവന്‍രക്ഷാ ഉപാധികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ ജഡായു എര്‍ത്ത് സെന്‍ററിന്‍റെ ഹെലികോപ്റ്ററും സൗജന്യമായി വിട്ടുനല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈഫ്ഗാര്‍ഡുകള്‍, കെടിഡിസിയിലെയും ഡിടിപിസികളുടെയും കീഴിലുള്ള ബോട്ട് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍, ടൂറിസം മേഖലയിലെ വിവിധ സംഘടകളുടെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളികളായവരെയാണ് ഉപഹാരങ്ങള്‍ നല്‍കി പൊന്നാടയണിച്ച് ആദരിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ യുവജനങ്ങളുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണെന്ന് ശ്രീ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശ്രീ ബാലകിരണ്‍ ഐഎഎസ്, അഡീഷണല്‍ ടൂറിസം ഡയറക്ടര്‍ കുമാരി മൃണ്‍മയി ജോഷി, കെടിഐഎല്‍ സിഎംഡി ശ്രീ കെ ജി മോഹന്‍ലാല്‍,

കെടിഡിസി എംഡി ശ്രീ രാഹുല്‍ ആര്‍, കെടിഎം ചെയര്‍മാന്‍ ശ്രീ ബേബി മാത്യു സോമതീരം, അയാട്ട നാഷണല്‍ വൈസ് പ്രസിഡന്‍റ് ശ്രീ ഇ എം നജീബ്, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, ദേശീയ ടൂറിസം ഉപദേശക സമിതി അംഗം ശ്രീ എബ്രഹാം ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News