‘ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍ തുലയട്ടെ’ മുദ്രാവാക്യം വിളിച്ച യുവതിക്ക് ജാമ്യം; സോഫിയയ്ക്ക് പിന്തുണയുമായി എംകെ സ്റ്റാലിന്‍; സോഷ്യല്‍മീഡിയയില്‍ തരംഗമായി #FascistBJP

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലൂയിസ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സോഫിയയ്ക്ക് ജാമ്യം അനുവദിച്ചത്.

അതേസമയം, യുവതിക്ക് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി.

ബിജെപി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പേരെ ദിവസം പ്രതി അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പെണ്‍കുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള തന്റെ ട്വിറ്ററില്‍ ‘ബിജെപി ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ’ എന്നും സ്റ്റാലിന്‍ കുറിച്ചു.

ഇന്നലെ തൂത്തുക്കുടി വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

ബിജെപി അധ്യക്ഷയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സോഫിയ ‘ബി.ജെ.പി സര്‍ക്കാര്‍ മൂര്‍ദ്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. വിമാനത്തില്‍ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി.

ഇതിനെച്ചൊല്ലി തമിഴിസൈയും സോഫിയയും വിമാനത്തിനകത്ത് ചൂടേറിയ വാഗ്വാദം നടന്നു. വിമാനത്തില്‍ നിന്നിറങ്ങി തമിഴിസൈ പോകാനൊരുങ്ങുന്നതിനിടെ, ‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’യെന്നു സോഫിയ മുദ്രാവാക്യം മുഴക്കി.

ഇതില്‍ പ്രകോപിതയായ തമിഴിസൈ പൊലീസിനു പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തില്‍ തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സോഫിയയുമായി കൊമ്പുകോര്‍ത്തു. മാപ്പു പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല.

അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ എഴുത്തുകാരി കൂടിയായ ലോയിസ് സോഫിയയെ അപമാനിച്ചെന്നും അതിനെതിരെ പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ ആരോപിച്ചു.

കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്‌നാട് സ്വദേശിനിയുമാണ് ലോയിസ് സോഫിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News