മ‍ഴക്കെടുതി: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഏ‍ഴിനകം പൂര്‍ത്തീകരിക്കും; വിവര ശേഖരണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥര്‍

ദുരിതബാധിതർക്ക് നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു.

ഇതിനായുള്ള വിവരശേഖരണത്തിനും പരിശോധനയ്ക്കുമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ഇൗ മാസം 7-നകം പൂര്‍ത്തിയാക്കാനും യോഗം നിർദേശിച്ചു.

പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പീർത്തിയാക്കും.

ഇതിന്‍റെ വിവരശേഖരണത്തിനും പരിശോധനയ്ക്കുമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും മന്ത്രിസഭാ ഉപസമിതിയോഗം തീരുമാനിച്ചു. നിലവിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടിക്രമങ്ങള്‍ ഇൗ മാസം 7നകം പൂര്‍ത്തിയാക്കും.

കാണാതായവരില്‍ ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലാത്തവരുടെ കുടുംബങ്ങള്‍ക്കും വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കും.

ഓഖി ദുരന്തമുണ്ടായപ്പോള്‍ സ്വീകരിച്ച നടപടിക്രമമാകും ഇതിൽ അനുവര്‍ത്തിക്കുക.എലിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

എലിപ്പനി പ്രതിരോധ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗം വന്ന് മരിച്ചവരില്‍ ഒരാളൊഴികെ ആരും പ്രതിരോധ മരുന്ന് കഴിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിന് കൂടുതല്‍ പമ്പുകള്‍ ഉപയോഗിക്കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനുളള നടപടികള്‍ ത്വരിതപ്പെടുത്തും.

വിവിധ ഏജന്‍സികള്‍ നല്‍കിയ ദുരിതാശ്വാസ സാധനങ്ങളില്‍ ബാക്കിയുളളവ വിതരണം ചെയ്യുന്നതിനുളള മാനദണ്ഡവും യോഗം അംഗീകരിച്ചു.

വീടുകളില്‍ ബാക്കിയുളള അജൈവ മാലിന്യങ്ങള്‍ വളന്‍റിയര്‍മാരെ അയച്ച് ശേഖരിക്കും. 160 പഞ്ചായത്തുകളില്‍ മാലിന്യം ശേഖരിച്ചുവയ്ക്കാനുളള സ്ഥലം ലഭിച്ചിട്ടുണ്ട്.

വെള്ളം കയറിയ വീടുകളില്‍ 12,900 വീടുകളേ ഇനി വൃത്തിയാക്കാനുളളുവെന്നും യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News