
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെബിപിഎസ് പ്രസ്സില്‍ വന്ന ലോറികളില്‍ ഒന്നില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ, ‘എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക്’ എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്ക് കെട്ട് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്ക് പോയി.
ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി സെപ്റ്റംബര്‍ ഒന്നു മുതല്‍ അയാള്‍ കെബിപിഎസ് പ്രസ്സിലുണ്ട്. അയാള്‍ ആരാണെന്നറിഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് അമ്പരപ്പ്.
സ്വന്തം നാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ ജോലിയില്‍ നിന്നും ലീവെടുത്ത് വന്ന ദാദ്ര നഗര്‍ ഹവേലി കളക്ടറായ കണ്ണന്‍ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയത്.
ജോലിയില്‍ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.
ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി.
സ്വന്തം ബാച്ചുകാരന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് പ്രവര്‍ത്തനത്തിക്കാന്‍ എത്തിയത്.
ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here