
മ്യാന്‍മറില്‍ രോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണവും കൂട്ടക്കുരുതിയും തുടര്‍ന്നുണ്ടായ പലായനവും റിപ്പോര്‍ട്ട്ചെയ്ത റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ രണ്ടുലേഖകന്‍മാരെ ഏഴുവര്‍ഷം തടവിനുശിക്ഷിച്ചു.രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചാണ് ശിക്ഷ
മ്യാന്‍മര്‍ പൗരന്‍മാരായ 32വയസ്സുകാരനായ വാ ലോണ്‍,28കാരനായ ക്യാവ് സോ ഊ എന്നിവരെയാണ് ശിക്ഷക്ക് വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഇവരെ അറസ്റ്റ് ചെയ്ത് യാങ്കൂണ്‍ ജയിലിലടച്ചത്.ഔഗ്യോഗികരഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മ്യാന്‍മറിലെ രൊഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണവും കൂട്ടക്കുരുതിയും തുടര്‍ന്നുള്ള പലായനവും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കായി റിപ്പോര്‍ട്ട് ചെയ്തതാണ് സംഭവങ്ങള്‍ക്കെല്ലാം തുടക്കം.
ലോണിനെയും സോ ഊവിനെയും അറസ്റ്റ് ചെയ്തത് ചതിയിലൂടെയാണെന്ന ആരോപണം ശക്തമാണ്.പൊലീസ് ഇരുവരെയും അത്താഴത്തിന് ക്ഷണിച്ച് ചിലരേഖകള്‍ കൈമാറിയതായും പിന്നീട് പൊലീസ് ക്ഷണിച്ച ഹോട്ടലിനുപുറത്തിറങ്ങിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പൊലീസ് ഹാജരാക്കിയ സാക്ഷികളില്‍ ഒരാള്‍ അത്താഴവിരുന്നിന്‍റെ കാര്യം കോടതിയില്‍ സ്ഥിരീകരിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
എന്നാല്‍ തടവിലാക്കാനുള്ള വിധിക്കുശേഷം സോഊ പ്രതികരിച്ചത് ഇങ്ങനെ സര്‍ക്കാരിനു ഞങ്ങളെ തടവിലാക്കാന്‍ കഴിയുമായിരിക്കും എന്നാല്‍ ജനങ്ങളുടെ കണ്ണും കാതും മൂടരുത്.
ചങ്കുറപ്പോടെ ഇതിനെ നേരിടുമെന്ന് വാ ലോണും പ്രതികരിച്ചു.റാഖൈന്‍ പ്രവിശ്യയില്‍ കഴിഞ്ഞവര്‍ഷം സൈന്യം നടത്തിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് 7ലക്ഷം രൊഹിങ്ക്യന്‍ മുസ്ലിങ്ങളാണ് മ്യാന്‍മറില്‍ നിന്ന് പലായനംചെയ്തത്.
റോയിട്ടേഴ്സിന്‍റെ ലേഖകരെ മോചിപ്പിക്കാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഐക്യരാഷ്ട്രസംഘടന,യുഎസ്,യൂറോപ്യന്‍ യൂണിയന്‍,ക്യാനഡ,ഓസ്ട്രേലിയ,ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മ്യാന്‍മറിന്‍റെ നടപടിയെ ശക്തമായി അപലപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here