കൊച്ചി നഗരഹൃദയത്തില്‍ തണല്‍മരങ്ങള്‍ മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.എളംകുളം ജംങ്ക്ഷനില്‍ റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റിയ കോര്‍പ്പറേഷന്‍ നടപടി ധിക്കാരപരമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ മരത്തിന്‍റെ വേര് വളര്‍ന്ന് വെള്ളക്കെട്ട് ഭീഷണിയുണ്ടായതിനെത്തുടര്‍ന്നാണ് നടപടിക്രമമനുസരിച്ച് മരങ്ങള്‍ മുറിച്ചതെന്ന് മേയര്‍ വിശദീകരിച്ചു.
എളംകുളം ജംങ്ക്ഷനിലെ ബസ് കാത്തുനില്‍പ്പുകേന്ദ്രത്തിന് വലിയ തണലായിരുന്ന വന്‍മരം ഉള്‍പ്പടെയാണ് കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മുറിച്ചുമാറ്റിയത്.
മരം മുറിച്ചതോടെ പൊള്ളുന്ന വെയിലത്ത് കുടചൂടി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ബസ് കാത്തു നില്‍ക്കുന്നവര്‍ പറഞ്ഞു.
ബസ് കാത്തു നില്‍ക്കുന്നവര്‍ക്കുപരിയായി പ്രദേശമാകെ തണല്‍ വിരിച്ചിരുന്ന വന്‍മരങ്ങള്‍ കോര്‍പ്പറേഷന്‍ കടപുഴക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പറഞ്ഞു.
യു ഡി എഫിന്‍റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യ പ്രകാരമാണ് അര നൂറ്റാണ്ടിലധികമായി തണലേകിയിരുന്ന വന്‍വൃക്ഷങ്ങള്‍ പിഴുതുമാറ്റിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ മരത്തിന്‍റെ വേരു വളര്‍ന്ന് സമീപത്തെ കാന തകരുകയും വെള്ളക്കെട്ടിന് കാരണമാവുകയും ചെയ്തതോടെയാണ് മരം മുറിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.നടപടിക്രമങ്ങള്‍ അനുസരിച്ചുതന്നെയാണ് മരങ്ങള്‍ മുറിച്ചതെന്നും മേയര്‍ വിശദീകരിച്ചു.
Get real time update about this post categories directly on your device, subscribe now.