വെടിയുണ്ടകള്‍ക്ക് തോല്‍ക്കാതിരിക്കാന്‍ ക‍ഴിയില്ല; അവ‍ളുടെ ആയുധം തൂലികയായിരുന്നു; ഗൗരി ലങ്കേഷ് കൊലപാതകത്തിന് ഒരുവയസ്സ്

ഹിന്ദുത്വ ഭീകരതയുടെ അക്രമണോത്സുകതയുടേയും അസഹിഷ്ണുതയുടേയും ഇരയാണ് ഗൗരി ലങ്കേഷ്.

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് ക‍ഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ച് വൈകുന്നേരമാണ് ഗൗരി ഹിന്ദുത്വ ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയാവുന്നത്.

താന്‍ എഡിറ്ററായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്റിങ് ജോലികള്‍ പൂര്‍ത്തീകരിച്ച് വീട്ടിലേക്ക് മടങ്ങിയ അവര്‍ക്ക് സ്വന്തം വീടിനും വിളിപ്പാടകലെ വച്ചാണ് വെടിയേല്‍ക്കുന്നത് വീട്ടിലെ വാതില്‍പടിയിലാണ് ആ പോരാളി മരിച്ചുവീണത്.

മൈസുരു റോഡിലെ രാജേശ്വരി നഗരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് അവര്‍ താമസിച്ചിരുന്നത്. ആ പോരാളിയും അവരുടെ നാവും ഹിന്ദു വര്‍ഗീയവാദികള്‍ക്ക് എത്രത്തോളം ഭയപ്പാടുണ്ടാക്കിയിരുന്നുവെന്നതിന് തെളിവാണ് ഗൗരിയുടെ കൊലപാതകം.

തീവ്രവാദികളുടെ ആയുധങ്ങള്‍ക്ക് തൂലികയെ ജയിക്കാനുള്ള കരുത്തില്ലെന്ന് തെളിയിക്കുന്നത് തന്നെയാണ് ഗൗരിയുടെ മരണത്തിന് മുമ്പും ശേഷവുമുള്ള ജീവിതം.

പ‍ഴയതിനെക്കാള്‍ ഹന്ദുത്വ തീവ്രവാദ ആശങ്ങള്‍ക്ക് ഭീഷണിയായി വളരുകയായിരുന്നു കൊലപാതകത്തിന് ശേഷവും ഗൗരി. ഇന്ത്യയുടെ തെരുവുകളും യുവത്വവുമെല്ലാം പിന്നീട് ഗൗരിയുടെ നാവായി.

കൊലപാതകത്തിന് പിന്നിൽ തീവ്രഹിന്ദു സംഘടകളാണെന്നും അതല്ല നക്സൽ ഗ്രൂപ്പുകളാണെന്നും പ്രചരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് കൊലയെന്ന് വരെ ചിലർ പറഞ്ഞു.

എന്നാല്‍ ഈ പ്രചരണങ്ങളെയെല്ലാം തള്ളി അക്രമി സംഘം കൊലയാളികളിലേക്ക് എത്തുകതന്നെ ചെയ്തു. അന്വേഷണത്തില്‍ ആദ്യ വ‍ഴിത്തരിവുണ്ടാവുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിന് ഹോട്ടി മഞ്ജ എന്നറിയപ്പെടുന്ന നവീൻ കുമാർ അറസ്റ്റിലായതോടെ കൊലപാതകികളിലേക്കുള്ള വാതിലുകള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ തുറത്തു കിട്ടി.

ഒരാഴ്ചത്തെ നിരന്തര ചോദ്യം ചെയ്യലിനു ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികൾക്ക് സഹായം നൽകിയിരുന്നു എന്നാണ് ഇയാൾ സമ്മതിച്ചത്.

മാസങ്ങളായി ഇരുട്ടിലൊ‍ളിച്ചിരുന്ന കൊലപാതകികളിലേക്കുള്ള പൊലീസിന്‍റെ ചൂണ്ടുപലകയായി ഈ കുറ്റ സമ്മതം മാറി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണഅ ഗൗരിയുടേതെന്ന് തന്നെയാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കൊലപാതകത്തിൽ പങ്കാളികളായവ‍ർക്ക് മറ്റുള്ള കൂട്ടാളികളെക്കുറിച്ച് വലിയ അറിവില്ലായിരുന്നു.

കൊലപാതകത്തിന്‍റെ ആസൂത്രണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതായി വന്നു. ഇത് അന്വേഷണത്തില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു മൂന്ന് മാസംകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നതും കൊലപാതകിയായ പരശുറാം വാഗ്മയറിലേക്ക് എത്തുന്നതും.

ഉത്തര കർണാടകയിലെ ബിജാപുര ജില്ലയിലെ സിന്ധഗി എന്ന ടൗണിൽ നിന്നുള്ളയാളാണ് ഇയാൾ ഇരുപത്തിയഞ്ച് വയസാണ് ഇയാളുടെ പ്രായം.

ഇവിടെ ചെറിയ ഒരു ഷോപ്പ് നടത്തിവരുന്ന പരശുറാം, സനാതൻ സൻസ്ത, ശ്രീരാമ സേന എന്നീ തീവ്രസംഘടനകളുടെ സജീവപ്രവർത്തകനായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.

കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ബംഗളൂരുവിലെ സിഐഡി ഹെഡ് ക്വാർട്ടേഴ്സിലെ എസ്ഐടി ഓഫീസിൽ എത്തിച്ചു.

ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ഗൗരി ലങ്കേഷിനെ കൊല്ലാൻ തനിക്ക് നി‍ർദ്ദേശം ലഭിക്കുകയായിരുന്നെന്ന് ഇയാൾ തുടർന്നുള്ള ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

എന്നാൽ, ഇയാൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിഷേധിക്കുകയാണ് ചെയ്തത്.

കൊലപാതകത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരുകള്‍ ഇയാളില്‍ നിന്നുമാണ് പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ കൊലപാതകത്തെയും ആസൂത്രണത്തെയും കുറിച്ചുള്ള കൂടുതല്‍ തെളിവുകല്‍ അന്വേഷണ സംഘം ശേഖരിക്കുതോറും ആസൂത്രണത്തിലെ കൃത്യത ഇവരെ അതിശയിപ്പിച്ചു.

അക്ഷരാഭ്യാസവും ലോകവിവരവും നന്നെ കുറവായിരുന്ന കൊലപാതകികള്‍ കൊലപാതകത്തിന്‍റെ ആസൂത്രണത്തില്‍ പരിചയ സമ്പന്നരാണെന്ന് തോന്നിപ്പിച്ചു.

ഗൗരി ലങ്കേഷിന്റെ വീട്ടിലേക്ക് എത്താൻ സിസിടിവി ക്യാമറകളില്ലാത്ത വഴികൾ തെരഞ്ഞെടുത്തു. കൊലപാതകത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ നഗരം വിടുകയും ചെയ്തു.

അവരുടെ പെരുമാറ്റത്തിൽ പോലും സംശയിക്കത്തക്കതായി യാതൊന്നും ഉണ്ടായിരുന്നില്ല. അതീവസൂക്ഷ്മതയോടുള്ള കൊലപാതകസംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവ് ശരിക്കും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.

ദബോല്‍ക്കറുടേയും പന്‍സാരെയുടെയും കൊലപാതകങ്ങളും ഗൗരിയുടേതുമായി ബന്ധപ്പെടുത്താവുന്നതാണെന്ന് തോന്നിക്കുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

പൂനെയിലുള്ള എഞ്ചിനീയർ അമോൽ കാലെ, അമിത് ദിക്വേകർ എന്നിവരാണ് ഗൗരി ലങ്കേഷിന്റെയും കൽബുർഗിയുടെയും പൻസാരെയുടെയും ദബോൽക്കരുടെയും കൊലപാതകങ്ങൾക്ക് പിന്നിലെ സൂത്രധാരകർ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

അന്വേഷണ സംഘത്തിന്‍റെ നിഗമനങ്ങള്‍ കോടതികൂടി ശരിവച്ചാല്‍ കൊലപാതകികള്‍ക്ക് തൂക്കുകയറും ഗൗരിക്ക് നീതിയും ലഭിക്കും.

ഗൗരി അവര്‍ ശരിക്കും പോരാളിയായിരുന്നു. അവരുടെ തിരഞ്ഞെടുപ്പുകളില്‍ ഇത് ഏറെ വ്യക്തവും. ഏതെങ്കിലും ഇംഗ്ലീഷ് പത്രത്തിലോ മാസികയിലോ എഡിറ്ററായി ജോലിനോക്കി ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി റിട്ടയര്‍ ചെയ്യാമായിരുന്നു അവര്‍ക്ക്.

ഇംഗ്ലീഷ് സാഹിത്യമായിരുന്നു അവരുടെ പ്രവര്‍ത്തന മേഖലയും എന്നാല്‍ പിതാവിന് ശേഷം ലങ്കേഷ് പത്രികയുടെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു.

അവരുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണുന്നുവെന്ന് തന്നെയാണ് സമീപകാല സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൗരിയുടെ നാവുകള്‍ നാവുമരങ്ങളായി ആ തെരുവുകളില്‍ പൂക്കുകയാണ്.

ആ ചോര തന്നെ ചോദ്യങ്ങളെറിയും പുതിയ പോരാട്ടങ്ങള്‍ക്കത് വ‍ഴിമരുന്നിടും തോക്കുകള്‍ക്ക് തോല്‍ക്കാതിരിക്കാനാവില്ല കാരണം ഗൗരി ഒരു വലിയ ശരിയാണ്. ഗൗരിയുടെ പോരാട്ടങ്ങളെ ഏറ്റെടുത്തവര്‍ക്ക് കൂടെ കൂട്ടുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍.

“പെരുമ്പറകളെ നിങ്ങള്ക്ക്
നിശബ്ദമാക്കാം
വീണയുടെ തന്ത്രികളെ അഴിച്ചുകള
എന്നാൽ , വാനമ്പാടികളോട്
പാടരുതെന്ന് കല്പിക്കാൻ
ആര്ക്കാണ് കഴിയുക….?”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News