ഭയം വിതച്ച് നിശബ്ദരാക്കുന്ന ആര്‍എസ്എസ് സംസ്കാരത്തെ രാജ്യം ചെറുത്ത് തോല്‍പ്പിക്കും: ബൃന്ദാ കാരാട്ട്

സ്ത്രീസുരക്ഷ ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടെന്നാരോപിച്ച് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അക്രമങ്ങളും പട്ടിണിയും ഇല്ലാതാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കനത്ത മഴയിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിൽനിന്നെത്തിയ മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് പാർലമെന്റ് സ്ട്രീറ്റിലേക്ക് മാർച്ച് ചെയ്തത്.

ചരിത്രത്തിലില്ലാത്തവിധം വർഗീയ അതിക്രമങ്ങൾ രാജ്യത്ത് പെരുകുമ്പോൾ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ‌്ത മഹിളാ അസോസിയേഷൻ രക്ഷാധികാരി ബൃന്ദ കാരാട്ട് പറഞ്ഞു.

നാലുവർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ 34 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.

ഭയം വിതച്ച് എല്ലാവരെയും നിശ്ശബ്ദമാക്കുന്ന ആർഎസ്എസ് സംസ്കാരം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കും‐ ബൃന്ദ പറഞ്ഞു.

വൈസ് പ്രസിഡന്റ് സുഭാഷിണി അലി, ട്രഷറർ പി കെ ശ്രീമതി എംപി, ഡൽഹി സംസ്ഥാന സെക്രട്ടറി ആശ ശർമ തുടങ്ങിയവർ സംസാരിച്ചു.

അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. ജനറൽ സെക്രട്ടറി മറിയം ധാവ്ലെ പ്രമേയം അവതരിപ്പിച്ചു.

മാര്‍ച്ചിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.നേതാക്കളായ വൃന്ദാകാരാട്ട്,സുഭാഷിണി അലി, മറിയം ദവ്‌ളെ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മാര്‍ച്ചില്‍ ആള്‍ക്കുട്ട അക്രമത്തിലും,ബലാത്സംഗങ്ങളിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു.

കഠ്വയിൽ ക്രൂരകൊലപാതകത്തിനിരയായ എട്ടുവയസ്സുകാരിക്ക് നീതിക്കായി പോരാടുന്ന കശ്മീരിൽനിന്നുള്ള അഭിഭാഷക ദീപിക സിങ് രജാവത്ത്, യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിങ് മാഖി തുടങ്ങിയവർ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here