ചുവടുറപ്പിച്ച് ചെങ്കൊടിപ്പട; രാജ്യ തലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

രാജ്യതലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി. മോശം കാലാവസ്ഥയിലും ലക്ഷം പേര്‍ അണിനിരന്ന സമരം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉജ്വലമായ മുന്നേറ്റമായി.

നല്ല ദിനങ്ങള്‍ സമ്മാനിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദിസര്‍ക്കാരിനെ പുറത്താക്കി രാജ്യത്ത് യഥാര്‍ത്ഥ നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്ന് സമരം ഒറ്റക്കെട്ടായി പ്രഖ്യപിച്ചു.

രാംലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റിലെ വമ്പിച്ച പൊതുയോഗത്തോടെയാണ് സമാപിച്ചത്.

ദില്ലിയിലെ തെരുവോരങ്ങളില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ പല ഭാഷയിലായിരുന്നെങ്കിലും ഉന്നയിച്ച ആവശ്യവും ഉയര്‍ന്ന വികാരവും ഒന്നായിരുന്നു.

കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന മോദി സര്‍ക്കാരിനെതിരായ ശക്തമായ താക്കീതായിരുന്നു കിസാന്‍ സഭയുടെയും,സിഐടിയുവിന്റെയും അഗ്രിക്കള്‍ച്ചര്‍ വര്‍ക്കഴ്‌സ് യൂണിയന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി.

15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പ്രവര്‍ത്തകരാണ് അണിചേര്‍ന്നത്.

കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു.

രാജ്യത്ത് തൊഴിലാളി വിരുദ്ധ നിയമങ്ങളാണ് പാസ്സാക്കിക്കൊണ്ടിരിയ്ക്കുന്നത്.കുത്തക മുതലാളികള്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി കൃഷിയെ മാറ്റുമ്പോള്‍ ഈ സമരം ജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30ഓളം നേതാക്കള്‍ പ്രസംഗിച്ചു.സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തിന് പിന്തുണയുമായി എത്തി.

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വെവ്വേറെ സമരം ചെയ്യുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി സംഘടനകള്‍ ഒന്നിച്ചു സമരം സംഘടിപ്പിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

കര്‍ഷക, തൊഴിലാളി,കര്‍ഷക തൊഴിലാളി വിഭാഗങ്ങളെ കൂടാതെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും മറ്റ് വിവിധ ജന വിഭാഗങ്ങളും സമരത്തില്‍ അണിചേര്‍ന്നു.

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് സമരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here