പ്രളയക്കെടുതി: ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: പ്രളയത്തിനുശേഷം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.

എറണാകുളം വൈപ്പിനിലും വടക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കൊല്ലം മണ്‍റോത്തുരുത്തിലുമാണ് രോഗബാധയേറ്റ മത്സ്യങ്ങളെ കണ്ടെത്തിയത്.

മത്സ്യങ്ങളുടെ ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇവിഎസ്) എന്ന ഫംഗസ് രോഗമാണ് മത്സ്യങ്ങളില്‍ പടരുന്നതെന്ന് കുഫോസിലെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

പ്രധാനമായും കണമ്പ്, മാലാന്‍, തിരുത, കരിമീന്‍ എന്നീ മത്സ്യങ്ങളെയാണ് രോഗം ബാധിച്ചതെന്ന് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി മേധാവി ഡോ.ദേവിക പിള്ള പറഞ്ഞു.

രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചതില്‍നിന്നാണ് രോഗം സ്ഥിരീകരിച്ചത്. മണ്‍റോതുരുത്തിലും പരിസരങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത്.

പ്രളയജലം ഉയര്‍ന്ന തോതില്‍ കലര്‍ന്നതോടെ ഉള്‍നാടന്‍ ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടായതാണ് ഫംഗസ് രോഗം പടരാന്‍ കാരണമെന്നാണ് നിഗമനം.

രോഗം പടരുന്നത് തടയാന്‍ ആദ്യപടിയായി കര്‍ഷകര്‍ കുളങ്ങളില്‍ കുമ്മായം ഇട്ട് പിഎച്ച് ലെവല്‍ ഉയര്‍ത്തണമെന്ന് കുഫോസിലെ ആനിമല്‍ ഹെല്‍ത്ത് വിഭാഗം അറിയിച്ചു. തുടര്‍ന്ന് അഗ്രിലൈമോ ഡോളമെറ്റോ ഒരേക്കറിന് 10 കിലോ എന്ന തോതില്‍ 250 ഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റും ചേര്‍ത്ത് 10 ദിവസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446111033 നമ്പറില്‍ വിളിക്കാം.

പ്രളയത്തെത്തുടര്‍ന്ന് ഉള്‍നാടന്‍ മത്സ്യകര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. കൃത്രിമ കുളങ്ങളിലും ജലാശയങ്ങളിലെ കൂടുകളിലും കെട്ടുകളിലും വളര്‍ത്തിയ മീനുകള്‍ പ്രളയത്തില്‍ ചത്തുപൊങ്ങുകയും ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

ചെമ്മീന്‍ കര്‍ഷകര്‍ക്കുമാത്രം 10 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel