കൊച്ചിയില്‍ ഇലക്‌ട്രോണിക്ക് മാലിന്യ ശേഖരണം തുടരുന്നു

കൊച്ചി: പ്രളയാനന്തര നടപടികളുടെ ഭാഗമായി കൊച്ചിയില്‍ ഇലക്‌ട്രോണിക്ക് മാലിന്യ ശേഖരണം തുടങ്ങി.

ജില്ലാ ഭരണകൂടത്തിന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഇമാലിന്യം ശേഖരിക്കുന്നത്. ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനാണ് തീരുമാനം.

പ്രളയം കൂടുതലായി ബാധിച്ച പറവൂര്‍, ആലുവ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ഇമാലിന്യങ്ങള്‍ ശേഖരിക്കുന്നത്.

ഇതിന്റെ ഭാഗമായി പറവൂര്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്തുകളിലും അതിന്റെ പരിധിയില്‍ വരുന്ന ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, ശ്രീമൂലനഗരം, പുത്തന്‍വേലിക്കര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കുന്നുകര പഞ്ചായത്തുകളില്‍ നിന്നും ആദ്യ ദിനത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു.

അടുത്ത ദിവസം പറവൂര്‍ മുനിസിപ്പാലിറ്റി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരുമാലൂര്‍, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളില്‍ നിന്നുമാണ് ഇമാലിന്യം ശേഖരിക്കുക.

പ്രളയജലം മൂലം ഉപയോഗയോഗ്യമല്ലാതായ ടി വി സെറ്റുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീന്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇമാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരമാവാതെ വേഗത്തില്‍ സംസ്‌ക്കരിക്കുന്നതിനാണ് ഇതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പൊതു സ്ഥലങ്ങളിലും സംഭരിക്കുന്ന ഇമാലിന്യം ക്ലീന്‍ കേരളാ കമ്പനിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ നിന്നും ലോറി, ടെമ്പോ ഉള്‍പ്പടെയുള്ള വാഹനങ്ങളിലാണ് ശേഖരിച്ചു വരുന്നത്.

കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നതിന് വ്യവസായികപരിശിലനവകുപ്പും ഹരിത കേരളം മിഷനും പഞ്ചായത്തു വകുപ്പുമായി സംയോജിച്ച് വിവിധ ഐ.ടി ഐകളില്‍ നിന്നും നൈപുണ്യകര്‍മ്മ സേനയെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിയോഗിച്ചിരുന്നു.

കൂടുതല്‍ മാലിന്യങ്ങള്‍ കണ്ടെത്തുന്ന പഞ്ചായത്തുകളില്‍ രണ്ട് വാഹനങ്ങള്‍ കൂടുതല്‍ സജ്ജമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിച്ച ശേഷം നീക്കം ചെയ്യുന്നതിന് വിദഗ്ധ ടെക്‌നിക്കല്‍ അസിസ്റ്റന്റ്ന്മാരുടെ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News