പ്രളയക്കെടുതി: മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ശാസ്ത്രീയ വ‍ഴികള്‍ തേടും: മന്ത്രി എസി മൊയ്തീന്‍

മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും, മുന്‍സിപാലിറ്റി തലത്തിലും പ്ലാസിറ്റിക് ഷ്രൈഡിംങ് യൂണിറ്റുകള്‍ സ്ഥാപിക്കും.

സംസ്ഥാനത്ത് ഇതുവരെ 94 ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുകയും, 62 യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബാക്കി വരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കല്‍ ഉടന്‍ നടപടികൾ ആരംഭിക്കും.പ്രളയം ബാധിച്ച 129 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ 4505 ടണ്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ സംഭരിച്ചിട്ടുണ്ട്.

കൂടാതെ റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നാടിന് ഉപകാര പ്രദമായി ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ നടപ്പു സാമ്പത്തീക വര്‍ഷത്തിലെ പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രളയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനും, മാലിന്യ സംസ്‌ക്കരണത്തിനും മറ്റും തദ്ദേശസ്വയംഭരണ വകുപ്പ് കയ്യും മെയ്യും മറന്ന് രംഗത്ത് ഉണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് നടത്തിയ നടത്തിയ ഏകോപനത്തിലും, നേതൃത്വപരമായി വഹിച്ച പങ്കിലും പൂര്‍ണ്ണ സംതൃപ്തനാണെന്നും, കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഉത്പാദന മേഖലയിലെ ഫണ്ട് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here