ആലപ്പുഴ: കുട്ടനാട് മഹാശുചീകരണത്തിന്റെ ആദ്യദിവസം പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ കൈനകരിയിലെ വീട് വൃത്തിയാക്കുന്ന ദൃശ്യം ചാനലിൽ കണ്ട് നാലരലക്ഷം രൂപ വിലവരുന്ന തങ്ങളുടെ ക്ലീനിങ് ഉപകരണങ്ങളുമായി കമ്പനി അധികൃതർ മന്ത്രിക്കുമുന്നിൽ.
വാർത്ത സി.എൻ.എൻ ന്യൂസിലൂടെ കണ്ട കമ്പനി മാനേജിങ് ഡയറക്ടർ ജർമൻ സാങ്കേതിക വിദ്യയിൽ നിർമിച്ച 15 ക്ലീനിങ് ഉപകരണങ്ങളുമായി നേരിട്ട് മന്ത്രിയുടെ മുന്നിൽ എത്തുകയായിരുന്നു.
സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ സോപ്പും ബക്കറ്റും ബ്രഷുമായി വീട് വൃത്തിയാക്കാൻ ഇറങ്ങി മാതൃക കാട്ടിയത് തങ്ങളെ അൽഭുതപ്പെടുത്തിയതായി കാർക്കർ കമ്പനിയുടെ എം.ഡി. റൂഡിഗർ ഷ്രൂഡർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കാർക്കർ ക്ലീനിങ് സിസ്റ്റംസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഷ്രൂഡർ കേരളത്തിലെ ചാനൽ പാർട്ട്ണർ ആയ ഗിരീഷ് നായരുമായി ബന്ധപ്പെടുകയും കേരളത്തിലെ ജനറൽ മാനേജർ ശ്രീജിത്ത് ചന്ദ്രൻ മുഖേന മന്ത്രിയുമായി നേരിട്ട് കാണാൻ അവസരം തേടുകയുമായിരുന്നു.
തുടർന്ന് ശ്രീജിത്ത് മന്ത്രിയുടെ അടുത്ത സുഹൃത്തായ ചെങ്ങന്നൂരിലെ അഡ്വ.ജയചന്ദ്രൻ മുഖേന മന്ത്രിയെക്കാണാൻ അവസരം ഒരുക്കി.
നാലരലക്ഷം രൂപയുടെ 15 ഉപകരണങ്ങളിൽ കുറച്ചെണ്ണം ആവശ്യമുള്ള ഫയർഫോഴ്സിന്റെ വിവിധ വിഭാഗങ്ങൾക്ക് നൽകാൻ മന്ത്രി നിർദ്ദേശിച്ചു.
ക്ലീനിങ്ങുമായി ബന്ധപ്പെട്ട തങ്ങളുടെ ഉൽപ്പന്നങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ എത്തിച്ചു നൽകാമെന്ന വാഗ്ദാനവും നൽകിയാണ് ഷ്രൂഡർ മടങ്ങിയത്.
ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ സ്പെഷൽ ഓഫീസർ പി.വേണുഗോപാൽ, ജില്ല കളക്ടർ എസ്.സുഹാസ് എന്നിവരും സന്നിഹിതരായിരുന്നു.

Get real time update about this post categories directly on your device, subscribe now.