
മുംബൈ : രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമാണ് മുംബൈ. നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും അനായാസമായ യാത്രയാണ്.
ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ ട്രാഫിക് കുരുക്കുകളിൽ പെട്ട് വലയുന്നവരാണ് മുംബൈ വാസികൾ.
നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വച്ച് അടുത്ത കാലത്തൊന്നും റോഡ് ഗതാഗതങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെയും നിരീക്ഷണം. എന്നാൽ ഇതിനൊരു പ്രായോഗിക പരിഹാരവുമായെത്തുകയാണ് ഉബര്‍ ടാക്‌സി.
മുംബൈയിലെ തിരക്ക് പിടിച്ച പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഞൊടിയിടയിൽ പറന്നെത്താവുന്ന പദ്ധതിക്കാണ് രൂപരേഖയായത്.
അന്ധേരിയിൽ നിന്നും ചെമ്പൂരിലെത്താൻ പത്തു മിനിറ്റ് പോലും വേണ്ടി വരില്ലെന്ന് പറഞ്ഞാൽ കർമ്മനിരതരായ മുംബൈവാസികൾക്ക് അതൊരു അനുഗ്രഹമാകും.
ബാന്ദ്രയിൽ നിന്നും കാന്തിവിലിയിലേക്കും, ബോറിവ്‌ലിയിൽ നിന്നും മലബാർ ഹില്ലിലേക്കും പറന്നെത്താവുന്ന കാലം ഇനി വിദൂരമല്ലത്രെ.
പറക്കും ടാക്‌സികള്‍ പരീക്ഷിക്കാനുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഉബര്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ അന്താരാഷ്ട്ര ഉബര്‍ എയര്‍ സിറ്റി നടപ്പാക്കുന്ന രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യക്ക് സ്ഥാനം.
ഇന്ത്യക്ക് പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഉബര്‍ എലിവേറ്റ് എന്ന ആകാശ ടാക്‌സി വിഭാഗം പരീക്ഷണ പറക്കല്‍ നടത്തും.
യുഎസിലെ ഡല്ലാസ്, ലോസാഞ്ചലസ് എന്നീ നഗരങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും പദ്ധതി നടപ്പിലാക്കുക.
പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ മുംബൈ എയർപോർട്ടിൽ നിന്നും ചർച്ച്‌ഗേറ്റിലെത്താൻ സാധാരണഗതിയിൽ ഏകദേശം 100 മിനുറ്റാണ് കണക്കാക്കുന്നത്.
എന്നാൽ പറക്കും ടാക്സിയിൽ ഇത് 10 മിനിറ്റിനുള്ളിൽ സാധ്യമാക്കാമെന്നാണ് ഉബറിന്റെ ഗ്ലോബൽ മേധാവി എറിക് അല്ലിസൺ വ്യക്തമാക്കിയത്.
കാര്യങ്ങൾ സുഗമമായാൽ 2020ൽ പദ്ധതിയുടെ പരീക്ഷണ പറക്കലിന് ശേഷം മൂന്ന് വർഷത്തിനകം മുംബൈയിൽ സേവനത്തിന് തുടക്കമിടാൻ കഴിയുമെന്നാണ് എറിക് പറയുന്നത്.
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ റോഡുകളിലെ തിരക്കിന് പരിഹാരമായാണ് ഉബറിന്റെ പറക്കും ടാക്‌സി എത്തുന്നത്.
മുംബൈ, ഡല്‍ഹി, ബെംഗളൂരു പോലുള്ള നഗരങ്ങള്‍ ലോകത്തിലെ തന്നെ തിരക്കേറിയ നഗരങ്ങളാണ്. മുംബൈ പോലുള്ള നഗരങ്ങളിൽ ചെറിയ ദൂരങ്ങൾ സഞ്ചരിക്കാന്‍ പോലും മണിക്കൂറുകള്‍ പാഴാക്കുന്നിടത്ത് യാത്ര സുഗമവും എളുപ്പവുമാക്കുവാനുള്ള പദ്ധതിയുമായാണ് ഉബര്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here