പോരാട്ടച്ചൂടില്‍ ജെഎന്‍യു; വിജയത്തുടര്‍ച്ച നേടാന്‍ ഇടതു സഖ്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാൻ എസ്എഫ്‌ഐ ഉള്‍പ്പെടുന്ന ഇടതു വിദ്യാർഥി സഖ്യം. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരവേയാണ്‌ 14ന് ജെഎൻയുവിൽ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്‌.

ജെഎൻയുവിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും സർവകലാശാലയുടെ കാവിവൽക്കരണത്തെ ചെറുക്കുന്നതിനുമുള്ള സമരങ്ങളിലെ മുൻനിരപ്പോരാളികളാണ്‌ ഇടതു വിദ്യാർഥി സഖ്യത്തിന്റെ പാനലിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ് എന്നീ സംഘടനകള്‍ക്കൊപ്പം ഇത്തവണ ഇടത് സഖ്യത്തില്‍ എഐഎസ്എഫും പങ്കാളിയാണ്. ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി(ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. എബിവിപി, എന്‍എസ്‌യുഐ, ബിഎപിഎസ്എ എന്നീ സംഘടനകളും തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്.

വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജിഎസ്‌കാഷ് സമിതിയെ ദുര്‍ബലപ്പെടുത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇടതു സഖ്യത്തിനു കീഴിലുള്ള വിദ്യാര്‍ഥി യൂണിയന്‍ നടത്തിയത്.

സീറ്റുകള്‍ വെട്ടിക്കുറച്ചതും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമെതിരെ വലിയ പ്രതിരോധങ്ങള്‍ നടന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റശേഷം കാണാതായ നജീബിനുവേണ്ടിയുള്ള നിരന്തര സമരങ്ങൾക്കും ജെഎന്‍യു സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. എബിവിപിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2082) നേടിയാണ് എസ്എഫ്‌ഐ നേതാവ് ദുഗ്ഗിരാല ശ്രീകൃഷ്‌ണ ജയിച്ചത്.

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ലളിത് പാണ്ഡെ, വൈസ് പ്രസിഡന്റായി ഗീതശ്രീ, ജനറല്‍ സെക്രട്ടറിയായി ഗണേഷ് ഗുര്‍ജാര്‍, ജോ. സെക്രട്ടറിയായി വെങ്കട്ട് ചൗബേയ് എന്നിവര്‍ മത്സരിക്കുന്നു.

എന്‍എസ്‌യുഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വികാസ് യാദവ്, വൈസ് പ്രസിഡന്റായി ലിജി കെ ബാബു, ജനറല്‍ സെക്രട്ടറിയായി മൊഫിസുള്‍ ആലം, ജോയിന്റ് സെക്രട്ടറിയായി നഗുരങ് റീന എന്നിവരും മത്സരിക്കുന്നു. ബിഎപിഎസ്എ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തല്ലപ്പള്ളി പ്രവീണ്‍, വൈസ് പ്രസിഡന്റായി പൂര്‍ണ്ണചന്ദ്ര നായിക്, ജനറല്‍ സെക്രട്ടറിയായി വിശ്വംഭര്‍നാഥ് പ്രജാപതി, ജോ. സെക്രട്ടറിയായി കനകലത യാദവ് എന്നിവരാണ് മത്സരിക്കുന്നത്.

എഐഎസ്എഫില്‍നിന്ന് രാജിവെച്ച ജയന്ദ് കുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി സ്ഥാനാര്‍ഥിയായാണ് ജയന്ദ് മത്സരിക്കുന്നത്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഛാത്ര ആര്‍ജെഡി മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News