ജെറ്റ് എയര്‍വേയ്‌സിന്റെ ജനറല്‍ മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

ജെറ്റ് എയര്‍വേയ്‌സിന്റെ ജനറല്‍ മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കോട്ടയം ഇല്ലിക്കല്‍ സ്വദേശി വിനോദ് കുമാറാണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തും നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് ഉണ്ടായിരുന്നു.

വ്യാജനമ്പര്‍ പതിപ്പിച്ച വാഹനത്തില്‍ സഞ്ചരിച്ച് തട്ടിപ്പുനടത്തുന്നതാണ് വിനോദിന്റെ ശൈലി. വാഹനത്തിന്റെ വ്യാജനമ്പര്‍ സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ തട്ടിപ്പിന്റെ ചുരുള്‍ അഴിയുന്നത്.

വിനോദ് ഉപയോഗിച്ചിരുന്ന കാറില്‍ പതിച്ചിരുന്ന നമ്പര്‍ മറ്റൊരു വാഹനത്തിന്റെതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണത്തില്‍ 4 വര്‍ഷം മുമ്പ് ഇയാള്‍ വാങ്ങിയ സൈലോ കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബോധ്യമായി. വാഹനത്തിന്റെ വായ്പയിലും കുടിശികയുണ്ട്.

വാഹനം പരിശോധിച്ചപ്പോള്‍ ജെറ്റ് എയര്‍വേയ്സ്, സെന്‍ട്രല്‍ പൊലീസ് ക്യാന്റീന്‍, പോപ്പുലര്‍ വെഹിക്കിള്‍ സര്‍വീസ് തുടങ്ങിയവയുടെ സ്റ്റിക്കറുകളും, കളിത്തോക്കും, വിവിധ വ്യാജ രേഖകളും കണ്ടെത്തി.

ഗുജറാത്തിലെ സൂററ്റ് കേന്ദ്രീകരിച്ചുള്ള ബന്ധം ഉപയോഗിച്ച വില കുറഞ്ഞ തുണിത്തരങ്ങള്‍ വാങ്ങി കേരളത്തിലെത്തിച്ച് വിവിധ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകള്‍ പതിച്ച് വില്‍ക്കുകയാണ് ഇയാള്‍ പ്രധാനമായും ചെയ്തു വന്നിരുന്നത്.

ഇതിനിടെ തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ സ്വാമിയുടെ ഛായാചിത്ര സമര്‍പ്പണം നടത്താനെന്ന പേരില്‍ കൂപ്പണുകള്‍ അടിച്ചും ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചതായി സൂചനയുണ്ട്.

തുകകള്‍ രേഖപ്പെടുത്തിയ കൂപ്പണുകളും പൊലീസ് കണ്ടെടുത്തു. കൂടതെ തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ വെബ്സൈറ്റിന്റെ പേരിലും സൂററ്റ് സ്വദേശിയുടെ പക്കല്‍ നിന്നും ഒന്നര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തു.

മാളയില്‍ ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ 9 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ചും ജിഎസ്ടി ഇല്ലാതെ ബുള്ളറ്റ് വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

കഴിഞ്ഞ വര്‍ഷം താഴത്തങ്ങാടി വള്ളംകളിയുടെ പേരില്‍ സ്പോണ്‍സര്‍ തട്ടിപ്പിനും ഇയാള്‍ ശ്രമിച്ചിരുന്നു. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കേസ് ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് ഒത്തുതീര്‍പ്പായിരുന്നു.

നിരവധി ഭാഷകള്‍ വശമുള്ള ഇയാള്‍ സമാന രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണ് സൂചന. കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ കുമരകം എസ്ഐ രജന്‍ കുമാര്‍, എഎസ്ഐ പ്രസാദ്, സ്പെഷ്യല്‍ സ്‌ക്വഡിലെ ഉദ്യോഗസ്ഥരായ അജിത്, പ്രദീപ് വര്‍മ്മ, അരുണ്‍ കുമാര്‍, എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News