തൊ‍ഴില്‍ മേഖലയില്‍ വന്‍ സാധ്യത; കേരളത്തില്‍ വിവര സാങ്കേതികമേഖലയിൽ രണ്ട‌് വർഷത്തിനകം 75,000 പുതിയ തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: വിവര സാങ്കേതികമേഖലയിൽ രണ്ട‌് വർഷത്തിനകം 75,000 പുതിയ തൊഴിലവസരങ്ങളുമായി വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. 6600 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകും. ടെക‌്നോപാർക്കിൽ 4300 കോടി രൂപയുടെയും ഇൻഫോപാർക്കിൽ 2300 കോടി രൂപയുടെയും നിക്ഷേപമാണ‌് വരുന്നത‌്. ഇന്ത്യയിൽ ഐടിരംഗത്ത‌് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന സംസ്ഥാനമായി സമീപ ഭാവിയിൽ കേരളം മാറും. ഒമ്പത‌് വൻകിട കമ്പനികളാണ‌് പദ്ധതികൾ ആരംഭിക്കാൻ ധാരണാപത്രം ഒപ്പിട്ടത‌്.

തിരുവനന്തപുരം ടെക്നോപാർക്ക‌്, കൊച്ചി ഇൻഫോപാർക്ക‌്, കോഴിക്കോട് സൈബർപാർക്ക‌് എന്നിവിടങ്ങളിൽ 2019﹣20ൽ 60,000 തൊഴിലവസരമുണ്ടാകും. നിലവിൽ മൂന്നുപാർക്കിലെയും വിവിധ കമ്പനികളിലായി 92,000 പേർ ജോലിചെയ്യുന്നു. 2018ൽ ടെക്നോപാർക്കിൽ മാത്രം 30 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇതിൽ ഭൂരിഭാഗവും വിദേശ കമ്പനികളാണ്. ടെക‌്നോപാർക്ക‌് ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ നിക്ഷേപമാണ‌് വരുംവർഷങ്ങളിൽ നടക്കുക. ഇതുവരെ 4000 കോടിയോളം രൂപയുടെ നിക്ഷേപമാണ‌് നടന്നത‌്. അടുത്ത രണ്ടുവർഷങ്ങളിലായിമാത്രം 4300 കോടി രൂപയുടെ നിക്ഷേപമെത്തും.

യുഎസ് കമ്പനികളായ ടോറസ് 2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെയും നിക്ഷേപമെത്തിക്കും. 2020 ഓടെ പൂർത്തിയാകുന്ന ടോറസ് കമ്പനിയിൽ 15,500 തൊഴിലവസരമാണ‌് പ്രതീക്ഷിക്കുന്നത‌്. 48 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ടോറസിന‌് കെട്ടിടം നിർമിക്കുന്നത‌്.

കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ കമ്പനി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 200 കോടിയാണ് പ്രാഥമികനിക്ഷേപം. ഇവിടെ 1000 പേർക്ക് തൊഴിൽ കിട്ടും. ആറുലക്ഷം ചതുരശ്രഅടി ഐടി കെട്ടിടം നിർമാണത്തിന് തുടക്കമിട്ട കാർണിവൽ ഗ്രൂപ്പ് 600 കോടിയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. 5000 പേർക്കാണ് തൊഴിൽ ലഭിക്കും.

മൂവായിരം പേർക്ക‌് തൊഴിൽ നൽകാനാകുന്ന നിസാൻ ഡിജിറ്റൽ ഹബ് 2019ൽ പ്രവർത്തനമാരംഭിക്കും. തൽക്കാലം ടെക്നോപാർക്കിന്റെയും മറ്റും കെട്ടിടം വാടകയ്ക്കെടുത്ത് 1500 പേർക്ക് തൊഴിലവസരം 2019ൽ തന്നെ സൃഷ്ടിക്കും. സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാംഘട്ട ഐടി പാർക്ക‌് 2019ൽ പൂർത്തിയാക്കുന്നതോടെ 2000 പേർക്ക് തൊഴിൽ ലഭിക്കും.

അഞ്ചുവർഷംമുമ്പ‌് 336 കമ്പനികളായിരുന്ന ടെക‌്നോപാർക്കിൽ ഇപ്പോൾ 400 ഐടി കമ്പനിയുണ്ട‌്. 45,000 പേർ ജോലിചെയ്തിരുന്നിടത്ത് ഇപ്പോൾ 56,000 ആയി ഉയർന്നു. 2018ൽ മാത്രം 30 കമ്പനിയാണ‌് ആരംഭിച്ചത‌്. 3000 പേർക്ക് അധികം തൊഴിൽ ലഭിച്ചു.

കൊച്ചി ഇൻഫോപാർക്കിൽ 35,20 0 പേരാണ‌് ഐടിമേഖലയിൽ ജോലിചെയ്യുന്നത‌്. 2018ൽ ഇതുവരെ 2200 പേർക്ക‌് ജോലി ലഭിച്ചു. ഇൻഫോപാർക്കിൽ ഇതുവരെ 1590 കോടിയാണ് നിക്ഷേപമുണ്ടായത്. രണ്ടാംഘട്ടം ഉൾപ്പെടുന്ന 160 ഏക്കറിൽ എട്ട് കമ്പനിയാണ് നിർമാണം തുടങ്ങുന്നത്. 1200 കോടിയാണ് പ്രാഥമിക നിക്ഷേപം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News