ചടയൻ ഗോവിന്ദൻ; പോരാട്ടവഴിയിലെ കരുത്ത‌്

സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയും കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറുകയുംചെയ്ത സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വർഷമായി.

സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെ 1998ലാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, ‘79ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. ‘85ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി.

തൊഴിലാളിവർഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അനിതരസാധാരണമായ മാതൃകയാണ് അദ്ദേഹം കാട്ടിയത്. കാർക്കശ്യമാർന്ന അച്ചടക്കവും ലളിതജീവിതവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ സവിശേഷതയായിരുന്നു.

ഇന്നത്തെ കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പട്ടിണിയുടെയും പരിവട്ടത്തിന്റേതുമായ ഭൂതകാലത്തോട് പടവെട്ടിയാണ് ജീവിതം ആരംഭിച്ചത്.

കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ സമരങ്ങൾ നടന്ന പ്രദേശമായിരുന്നു ചിറക്കൽ താലൂക്ക്. പുരകെട്ടിമേയാനുള്ള പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.

ഇത്തരം സമരങ്ങൾക്കു പിന്നിൽ കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെ അവർക്കെതിരെ ഭരണകൂട ഏജൻസികൾ ഭീകരമായ മർദനമാണ് അഴിച്ചുവിട്ടത്. പൊലീസ് ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം ചടയനെ ആവേശംകൊള്ളിച്ചിരുന്നു.

അതുതന്നെയാണ് ചടയൻ ഗോവിന്ദനെന്ന മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമികവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ചടയൻ സാമൂഹ്യപ്രശ്‌നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യശാസ്ത്രജ്ഞനായിമാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റ‌്ചര്യയിലൂടെയാണ്.

വീട്ടിലെ പ്രയാസങ്ങളാൽ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിന് തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളിൽ അദ്ദേഹം താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി.

കലാസാംസ്‌കാരിക പ്രവർത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്.

സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്‌കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ അവിടത്തുകാർക്ക് പരിചയപ്പെടുത്തുന്നത് ചടയന്റെ നേതൃത്വത്തിലായിരുന്നു.

നല്ല നാടകനടനെന്ന പെരുമകൂടി ചടയന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റ് വേട്ടയുടെ ഘട്ടത്തിൽ റക്കയുടെ കോലൂരി കൈയിലെടുത്ത് പ്രതിരോധഭടനായും അദ്ദേഹം മാറി.

പിന്നീട്, അദ്ദേഹമുൾപ്പെടെയുള്ള ആളുകൾക്ക് പൊലീസ് വേട്ടയെ നേരിടേണ്ടതായിവന്നു. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീടുകൾ പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു. ഓരോ ഘട്ടത്തിലും സമരമുഖങ്ങളിൽ വ്യത്യസ്തമുഖമായി, കരുത്തുറ്റ സാന്നിധ്യമായി ചടയൻ മാറി.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമിസമരത്തിന്റെ സംഘാടകനായും ചടയനുണ്ടായിരുന്നു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധപ്രകടനത്തിനും കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ ചടയന് അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടതായിവന്നു.

സംസ്ഥാനം അതിഗുരുതരമായ പ്രളയദുരന്തത്തെ നേരിട്ട ഘട്ടത്തിലാണ് ഇക്കുറി നാം സ. ചടയന്റെ ഓർമ പുതുക്കുന്നത്. പുതിയ കേരളം സൃഷ്ടിക്കുകയെന്നതാണ് പ്രളയാനന്തരം നമുക്ക് മുന്നിലുള്ള ദൗത്യം. പ്രളയം തകർത്തെറിഞ്ഞതിനെ പുനർനിർമിക്കുകയെന്നത് പ്രധാന കാര്യമാണ്.

അതിനപ്പുറം ഒരു നവകേരളം പടുത്തുയർത്താനുള്ള കടമ നിറവേറ്റുകയാണ് ആവശ്യം. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് കേരളം നേരിട്ടത്. 13 ജില്ലകൾ വ്യത്യസ്ത തലങ്ങളിൽ ദുരന്തത്തെ അഭിമുഖീകരിച്ചു.

രക്ഷാപ്രവർത്തനവും പുനരധിവാസപ്രവർത്തനവും പൂർത്തിയാക്കി അടുത്തഘട്ടമെന്ന നിലയിൽ പുനർനിർമാണപ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ് നാം. അതിനാവശ്യമായ സമ്പത്ത്, പുനർനിർമാണരീതി, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ജീവനോപാധികൾ എന്നിവ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ‌് നാമിപ്പോൾ.

ഭാരിച്ച ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഖാവ‌് ചടയന്റെ സ‌്മരണ നമുക്ക‌് പ്രചോദനമാകും. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളാണ‌് സ്വീകരിച്ചുവരുന്നത‌്. നവ ഉദാരവൽക്കരണ നടപടികൾ ഒരുഭാഗത്ത‌് സ്വീകരിക്കുമ്പോൾത്തന്നെ മറുഭാഗത്ത‌് വർഗീയതയും അവർ ഉപകരണമാക്കുകയാണ‌്.

എല്ലാവരുടെയും വികസനം ഉറപ്പുവരുത്തുമെന്ന‌് പറഞ്ഞ‌് നാല‌് വർഷം മുമ്പ‌് അധികാരമേറിയ മോഡി സർക്കാർ കോർപറേറ്റുകളുടെ വികസനം മാത്രമാണ‌് ഉറപ്പുവരുത്തുന്നത‌്. അവർക്ക‌് രാജ്യത്തെ കൊള്ളയടിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ‌് മോഡി സർക്കാർ.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തുടർച്ചയായി വർധിപ്പിച്ച‌് ജനങ്ങളുടെ നടുവൊടിക്കുകയാണ‌് സർക്കാർ. രൂപയുടെ മൂല്യമാകട്ടെ കൂപ്പുകുത്തുകയുമാണ‌്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എടുത്തുകളഞ്ഞ രണ്ടാം യുപിഎ സർക്കാരിന്റെയും(പെട്രോൾ) മോഡി സർക്കാരിന്റെയും(ഡീസൽ) നയമാണ‌് കുത്തനെയുള്ള ഈ വിലവർധനയ‌്ക്ക‌് വഴിവച്ചത‌്.

പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ‌് ദിനമെന്നോണമുള്ള ഈ ഇന്ധന വിലവർധന. ഈ സാഹചര്യത്തിലാണ‌് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട‌് ഇടതുപക്ഷ പാർടികൾ തിങ്കളാഴ‌്ച ഹർത്താലിന‌് ആഹ്വാനം ചെയതിട്ടുള്ളത‌്. പ്രളയ ദുരിതാശ്വാസത്തെ ബാധിക്കാത്ത നിലയിൽ നടക്കുന്ന ഈ ഹർത്താൽ വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണം.

ഇത്തരം ജനകീയ പ്ര‌‌ക്ഷേ‌ാഭങ്ങൾക്കും ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ‌് സർക്കാരിനും കരുത്ത‌് പകരാൻ സഖാവ‌് ചടയന്റെ സ‌്മരണ നമുക്ക‌് പ്രചോദനമാക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here