രക്ഷാ പ്രവർത്തനം പട്ടാളത്തെ ഏൽപ്പിക്കണമെന്ന് ചിലർ മുറവിളി കൂട്ടിയത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിർജീവമാക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് മന്ത്രി ഇ പി ജയരാജൻ

രക്ഷാ പ്രവർത്തനം പട്ടാളത്തെ ഏൽപ്പിക്കണം എന്ന് ചിലർ മുറവിളി കൂട്ടിയത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിർജീവമാക്കുക എന്ന ലക്ഷ്യത്തോടെയെന്ന് മന്ത്രി ഇ പി ജയരാജൻ. പട്ടാളം ഉൾപ്പെടെ പ്രകീർത്തിച്ച രക്ഷാ പ്രവർത്തനമാണ് കേരളത്തിൽ നടന്നതെന്നും ഇ പി പറഞ്ഞു. ഡാം തുറന്നതാണ് പ്രളയ കാരണം എന്ന് വിമർശിക്കുന്നവർ രാഷ്ട്രീയ തിമിരം ബാധിച്ചവരാണെന്നും ഇ പി കണ്ണൂരിൽ പറഞ്ഞു.

ലോകത്തിന്റെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങിയ രക്ഷാ പ്രവർത്തനമാണ് കേരളത്തിൽ നടന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു. കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. സർവ്വ സജ്ജീകരണനങ്ങളുമായി ജനങ്ങളുടെ സഹകരണത്തോടെ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചപ്പോൾ അത് ലോകത്തിനു തന്നെ മാതൃകയായി.

എന്നാൽ ഈ പ്രവർത്തനങ്ങളെ നിർജീവമാക്കാൻ ചിലർ ശ്രമിച്ചു.രക്ഷാ പ്രവർത്തനം പട്ടാളത്തെ ഏൽപ്പിക്കണം എന്ന് മുറവിളി കൂടിയവർ അക്കൂട്ടത്തിൽ പെട്ടവരാണെന്നും ഇ പി പറഞ്ഞു.

ഇപ്പോഴും ചിലർ വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് ദുരുദേശത്തോടെയാണ്.എന്നാൽ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

കേരളത്തെ പുതുക്കി പണിയാൻ എല്ലാവരുടെയും പിന്തുണ വേണമെന്നും കണ്ണൂർ കമ്പിലിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ യോഗത്തിൽ ഇ പി ജയരാജൻ പറഞ്ഞു.

യോഗത്തിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. നൂറു കണക്കിന് പേർ പങ്കെടുത്ത ബഹുജന പ്രകടനത്തോടെയാണ് ചടയൻ ഗോവിന്ദന്റെ ഇരുപതാം ചരമ വാർഷിക ദിനം ആചരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here