നിലകിട്ടാതെ ഇന്ത്യന്‍ രൂപ; ഒറ്റ ദിവസം കൊണ്ട് മൂല്യത്തില്‍ എ‍ഴുപത്തി മൂന്ന് പൈസയുടെ ഇടിവ്

ഒരു ദിവസം കൊണ്ട് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത് 73 പൈസയുടെ ഇടിവ്. മൂല്യത്തില്‍ 73 പൈസ ഇടിവ് രേഖപ്പെടുത്തി 72 രൂപ 46 പൈസയിലാണ് രൂപ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലേറെ ഇടിവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്.ഒരു വേളയില്‍ മൂല്യം ഇടിഞ്ഞ് ഡോളറിനെതിരെ 72 രൂപ 67 പൈസ വരെ എത്തിയിരുന്നു.

രൂപയുടെ ഇടിവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു. സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇടിവുണ്ടായി.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം കൂടിയായിരുന്നു രൂപയുടെ മൂല്യച്ഛ്യുതി.

വെള്ളിയാഴ്ച ഡോളറിനെതിരെ 71 രൂപ 73 പൈസയില്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ രൂപ രാവിലെ മുതല്‍ കനത്ത തിരിച്ചടിയായിരുന്നു വിപണിയില്‍ നേരിട്ടത്.

ഉച്ചവരെ നേരിട്ട തിരിച്ചടിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 73 രൂപ കടക്കുമോ എന്ന് വരെ തോന്നിയിരുന്നു.മൂല്യമിടിഞ്ഞ് 72 രൂപ 67 പൈസ വരെ എത്തിയിരുന്നു.

ഈ ദിവസം മാത്രം 1 ശതമാനത്തിലേറെ മൂല്യമിടിവ് രൂപയ്ക്ക് സംഭവിച്ചു. 13 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ആകെ ഉണ്ടായിരിക്കുന്നത്.

ഇന്ന് അര ഡസനിലേറെ തവണ മൂല്യമിടിഞ്ഞ രൂപ ഉച്ചയ്ക്ക് ശേഷമാണ് നില മെച്ചപ്പെടുത്തി 72.46 പൈസയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിപണിയില്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതും രാജ്യത്തിന്റെ വ്യാപരകമ്മി വര്‍ദ്ധിക്കുന്നതും മൂല്യത്തിന്റെ ഇടിവിന് കാരണമായി.

അമേരിക്ക ചൈന വ്യാപരയുദ്ധത്തിന്‍റെ സമ്മര്‍ദ്ദവും ഇന്ത്യന്‍ രൂപയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സുസ്ഥിരമെന്ന് ബോധ്യപ്പെടുത്താനാകാത്തിടത്തോളം ഈ രീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here