തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു; ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ദില്ലി: തുടര്‍ച്ചയായ നാല്‍പ്പത്തി മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു.

മഹാരാഷ്ട്രയില്‍ പ്രീമീയം പെട്രോളിന്റെ വില 91 രൂപയായി. ഡീസല്‍ വില രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പെട്രോളിനും ഡീസലിനും പതിനാല് പൈസ വീതമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്.എന്നാല്‍ ഉയര്‍ന്ന് എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജനജീവിതത്തെ കാര്യമായി ബാധിച്ചും കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചും ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിനും ഡീസലിനും പതിനാല് പൈസ വീതമാണ് നാല്‍പ്പത്തി മൂന്നാം ദിവസവും വര്‍ദ്ധിച്ചത്. ഇതോടെ ഡീസല്‍ വില രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഉയര്‍ന്ന വാറ്റ് നികുതിയുള്ള മഹാരാഷ്ട്രയില്‍ ഡീസല്‍ ലിറ്ററിന് 77 രൂപ 47 പൈസയായി. ചെന്നൈയില്‍ 77 രൂപ 26 പൈസയാണ് വില. അതേസമയം, പെട്രോളിന്റെ വില 90 കടന്നു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 91 രൂപയ്ക്കാണ് മഹാരാഷ്ട്രയില്‍ വില്‍ക്കുന്നത്.

സാധാരണ പെട്രോള്‍ 88 രൂപ 26 പൈസയായി. ഒരു ലിറ്റര്‍ പെട്രോളിന് ഏര്‍പ്പെടുത്തിയിട്ടുള്ള 19.48 പൈസയെന്ന ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടിയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. ഇത് കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. ജനങ്ങള്‍ സ്വന്തം നിലയ്ക്ക് ചിലവ് ചുരുക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

കര്‍ഷകര്‍ ജൈവ ഇന്ധനം ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്ക്കരി പറഞ്ഞു. നിലവില്‍ ഡീലര്‍മാര്‍ക്ക് 40 രൂപ 45 പൈസയ്ക്കാണ് രാജ്യത്ത് പെട്രോള്‍ വില്‍ക്കുന്നത്.

ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് ഡ്യൂട്ടിയായ 19 രൂപ 48 പൈസയും വിവിധ സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയും ഡീലര്‍ കമ്മീഷനും കൂടി ചേരുമ്പോഴാണ് വില 90ന് അടുത്ത് എത്തുന്നത്.

അതേസമയം, പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച് ഗ്രാഫിക്‌സ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്.

എക്‌സൈസ് ഡ്യൂട്ടി 350 ശതമാനം വര്‍ദ്ധിപ്പിച്ചത് രഹസ്യമാക്കിയായിരുന്നു ഗ്രാഫിക്‌സ്. ശതമാനം കണക്കുകളും തെറ്റിയതും പലരും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് കാണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News