ഞങ്ങളുടെ അവസ്ഥ നിങ്ങള്‍ മനസ്സിലാക്കണം; പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പറയുന്നു

പിസി ജോര്‍ജ്ജിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ പൂഞ്ഞാറിലെ വോട്ടര്‍മാര്‍ക്ക് എന്താണ് പറയാനുണ്ടാവുക? ജോര്‍ജ്ജിനെ നിയമസഭയിലേക്ക് മാത്രമല്ല വേണ്ടിവന്നാല്‍ ഞങ്ങള്‍ ലോക്സഭയിലേക്കും ജയിപ്പിച്ചയക്കുമെന്നാണ് പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പറയുന്നത്. അതിന് കാരണമുണ്ട്.

മാധ്യമപ്രവര്‍ത്തകനായ എംവി ബെന്നി ഫേസ് ബുക്കിലെ‍ഴുതിയ ഈ പോസ്റ്റ് വായിക്കൂ

“പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പറയുന്നത്, ‘ഞങ്ങള്‍ അവന് വോട്ടു ചെയ്യുന്നതാണല്ലോ നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്. പക്ഷേ, ഞങ്ങളുടെ അവസ്ഥ നിങ്ങളും മനസിലാക്കണം. അവന് വോട്ടു ചെയ്തില്ലെങ്കില്‍ അവന്‍ സദാസമയവും ഇവിടെ തന്നെ കറങ്ങിനടക്കും.

അത് ഒരു മഹാ ദുരന്തമാണ്. അതിനേക്കാള്‍ നല്ലത് അവന്‍ കുറച്ചു നേരമെങ്കിലും നിയമസഭയില്‍ പോയി ഇരിക്കുന്നതാണ്. ഇവിടെ അത്രയും അലമ്പ് കുറയും. നിയമസഭയില്‍ പോയി അവന്‍ അലമ്പ് ഉണ്ടാക്കിയാല്‍ അവനെ കൈകാര്യം ചെയ്യാന്‍ അവിടെ ആളുകളുണ്ട്.

നാട്ടിലാകുമ്പോള്‍ ഞങ്ങള്‍ മാത്രം നേരിടണമല്ലോ. അത് വലിയ പ്രയാസമാണ്. അതുകൊണ്ട്, അവന്‍ നിയമസഭയില്‍ പോയി ഇരിക്കുന്നതാണ് നാടിനു നല്ലത്. ഓര്‍മ്മയില്ലേ, പഴയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുന്നാര മകന്‍ സഞ്ജയ് ഗാന്ധി ഇലക്ഷന് നിന്നത്. എതിരാളിക്ക് പ്രചാരണായുധം ഒന്നുമാത്രം.

അമ്മപെങ്ങമ്മാര്‍ക്ക് നാട്ടില്‍ സുഖമായി കഴിയാന്‍ സഞ്ജയ്‌ ഗാന്ധിക്ക് വോട്ടുചെയ്ത് അവനെ ലോകസഭയിലേക്ക് അയക്കുക. അവര്‍ അക്ഷരാഭ്യാസം കുറഞ്ഞ ഹിന്ദി വാലകള്‍ ആണല്ലോ. അവര്‍ക്ക് കാര്യം മനസിലായില്ല. അവര്‍ സഞ്ജയ്‌ ഗാന്ധിയെ പൊട്ടിച്ചു കളഞ്ഞു!

ഞങ്ങള്‍ക്ക് ആ തെറ്റു പറ്റില്ല. അവന്‍ ഇനി നിന്നാലും ഞങ്ങള്‍ അവനെ നിയമസഭയിലേക്ക് അയക്കും. അല്ലെങ്കില്‍ ആരെങ്കിലും അവനെ ലോകസഭയിലേക്ക് മത്സരിപ്പിക്ക്. ഞങ്ങള്‍ ഇതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിന് അവനെ ലോകസഭയിലേക്ക് അയക്കാം. അതാകുമ്പോള്‍ ദൂരം കൂടുമല്ലോ!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here