പ്രളയകാലം അതിജീവിച്ച കുരുന്നുകൾ കരീമഠത്തിലെ അക്ഷരമുറ്റത്തെത്തി

കോട്ടയം: കഴിഞ്ഞു പോയ പ്രളയകാലം ജീവിതാനുഭവമാക്കി കരീമഠം വെൽഫെയർ യുപി സ്കൂളിലെ കുരുന്നുകൾ വീണ്ടും അക്ഷരമുറ്റത്തെത്തി. ആർപ്പുവിളികളും ആരവങ്ങളുമായി കുഞ്ഞുങ്ങളെ സ്കൂളിലേക്ക് ആനയിക്കുവാൻ ഒരു നാടു മുഴുവൻ ഒരുമിക്കുകയായിരുന്നു.

കൃഷിയും മത്സ്യ ബന്ധനവും ഉപജീവന മാർഗ്ഗമാക്കിയ, സമൂഹത്തിൽ പിന്നാക്കാവസ്ഥയിൽ നിന്നിരുന്ന ഒരു കൂട്ടം ആളുകളുടെ ഉന്നമനത്തിനായി പി.കെ കേശവൻ വൈദ്യൻ 1958ൽ തുടങ്ങിയ വിദ്യാലയമാണിത്.

മഴക്കാലത്ത് വെള്ളം കയറുമായിരുന്നെങ്കിലും പഠനത്തിന് തടസ്സം നേരിട്ടിരുന്നില്ല. പ്രളയജലം കൂടാതെ ബണ്ട് പൊട്ടിയും വെള്ളം കയറിയതിനാലാണ് സ്കൂൾ തുറക്കാൻ വൈകിയത്. കുട്ടികളും കുടുംബങ്ങളും കണിച്ചുകുളങ്ങര ഭാഗങ്ങളിലെ ക്യാമ്പുകളിലായിരുന്നു.

പ്രളയകാലം അതിജീവിച്ച കുരുന്നുകളുടെ സ്കൂളിലേക്കുള്ള മടങ്ങിവരവ് അക്ഷരാർത്ഥത്തിൽ ഒരാഘോഷമാക്കി മാറ്റുകയായിരുന്നു കരീമഠം തുരുത്ത് നിവാസികൾ.

അയ്മനം പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ആലിച്ചന്റെ നേതൃത്വത്തിൽ യുദ്ധകാലടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് പ്രളയത്തിൽ മുങ്ങിപ്പോയ കരീമഠം സ്കൂളിനെ വീണ്ടെടുത്തത്. നാട്ടുകാരടക്കം അമ്പതോളം ആളുകളുടെ നിതാന്ത പരിശ്രമമാണ് സ്കൂളിനെ പുനരുജ്ജീവിപ്പിച്ചത്.

സർക്കാർ വകുപ്പുകളുംസ്കൂളിനെപ്പറ്റി കേട്ടറിഞ്ഞ ഒട്ടനവധി സന്നദ്ധ സംഘടനകളും സമാഹരിച്ച സമ്മാനപ്പൊതികൾ കുട്ടികൾക്ക് വിതരണം ചെയ്തുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.കുട്ടികൾക്ക് നൽകാനായി

സെൻട്രൽ ടാക്സിന്റെ വഡോദ്ധരയിലെ കമ്മീഷണറേറ്റിൽ നിന്നും കൊച്ചിയിൽ എത്തിച്ച വലിയ പാക്കറ്റുകൾ സെൻട്രൽ എക്സൈസ് വകുപ്പാണ് സ്കൂളിലെത്തിച്ചത്. കിംസ് ആശുപത്രിയുടെ വക എല്ലാ കുട്ടികൾക്കും കുട, അയ്മനം കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സമ്മാനമായി ബാഗുകൾ ,ക്ഷീര വകുപ്പിന്റെ വക എല്ലാ കുട്ടികൾക്കും ടെട്രാ പാൽ,

കൂടാതെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പഞ്ചായത്ത് വക നോട്ട് ബുക്കുകൾ, പേന, പുത്തനുടുപ്പുകൾ, അരി ,പലവ്യഞ്ജജനങ്ങൾ എന്നിങ്ങനെ പ്രളയകാലം മറികടക്കാൻ കുട്ടികളെ കാത്ത് നിരവധി സമ്മാനങ്ങൾ അണിനിരന്നിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക സിന്ധു ടീച്ചറിന്റെ വക 190 കുടുംബങ്ങൾക്ക് ഫാമിലി കിറ്റുകളും തയ്യാറാക്കിയിരുന്നു.

മുൻ എംഎൽഎ വൈക്കം വിശ്വന്റ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരുമടക്കമുള്ള ആളുകൾ സന്നിഹിതരായിരുന്നു.

അയ്മനം പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ആലിച്ചൻ, വൈസ് പ്രസിഡണ്ട് മിനിമോൾ, വാർഡ് മെമ്പർ സുജിത സനുമോൻ, സെൻട്രൽ ടാക്സ് ആന്റ് എക്സൈസ് അസി.കമ്മീഷണർ സരസ്വതി ചന്ദ്രമോഹൻ, ക്ഷീര വികസന വകുപ്പ് ഡെ.ഡയറക്ടർ ടി.കെ അനികുമാരി അയ്മനം സഹകരണ ബാങ്ക് പ്രസിഡണ്ട് ഭാനു, ക്രിസ്റ്റ്യൻ ബ്രദറൺ ചർച്ച് ബ്രദർ ജയിൻ, അയ്മനം പഞ്ചായത്ത് സെക്രട്ടറി അനിൽ ,കിംസ് ഹോസ്പിറ്റൽ പി ആർ ഒ രാഹുൽ കേശവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News