ഉത്തരേന്ത്യയിലും ചുവടുറപ്പിച്ച് എസ്എഫ്ഐ; രാജസ്ഥാനിലെ സര്‍വകലാശാലകളില്‍ ഉജ്വലവിജയം

രാജസ്ഥാനിൽ വിവിധ സർവകലാശാലകൾക്കു കീഴിലെ കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മികച്ച വിജയം. 40ലേറെ സ്വകാര്യ കോളേജുകളും 10ലേറെ സർക്കാർ കോളേജുകളിലും എസ്എഫ്‌ഐ പ്രതിനിധികൾ വിജയം നേടി.

രാജസ്ഥാൻ സർവകലാശാല യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ പിന്തുണയിൽ മത്സരിച്ച വിനോദ് ഝഖാദ് ജയിച്ചു. എബിവിപി സ്ഥാനാർഥിയെ 1,860 വോട്ടുകൾക്കാണ് വിനോദ് ഝഖാദ് പരാജയപ്പെടുത്തിയത്. കഴിഞ്ഞവർഷവും സ്വതന്ത്ര സ്ഥാനാർഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്.

സ്വതന്ത്ര സ്ഥാനാർഥികളായ രേണു ചൗധരി, ആദിത്യ പ്രതാപ് സിങ് എന്നിവർ യഥാക്രമം വൈസ് പ്രസിഡന്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ച മീനാൽ ശർമയാണ് എബിവിപിയുടെ ഏകപ്രതിനിധി.

ബിക്കാനീർ സർവകലാശാല യൂണിയൻ വൈസ് പ്രസിഡന്റായി എസ്എഫ്‌ഐ സ്ഥാനാർഥി രാഹുൽ ശർമ ജയിച്ചു. 53 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. വിവിധ കോളേജുകളിൽ വോട്ടെണ്ണൽ പൂർണ്ണമാകാത്തതിനാൽ അന്തിമ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഹനുമാൻഗഢിലെ എൻഎംപിജി സർക്കാർ കോജേളിലും എൻബിഡി സർക്കാർ കോജേളിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർഥികൾ ജയിച്ചു. യഥാക്രമം രാജു ഖാൻ, സർജിത് ബെനിവാൽ എന്നിവരാണ് ജയിച്ചത്. ഇവിടെ ആറ് സ്വകാര്യ കോജേളുകളിലും എസ്എഫ്‌ഐ വിജയം നേടി. ഝുഝുനുവിലെ മൊറാർക്ക സർക്കാർ കോളേജിൽ എസ്എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി പങ്കജ് ഗുജാർ ജയിച്ചു.

ജോഥ്പൂരിലെ ഫാലോഡി സർക്കാർ കോജേളിൽ പ്രസിഡന്റ് സ്ഥാനാർഥി സോഹൻ ലാൽ ബിഷ്‌ണോയ് ജയിച്ചു. ചുരു ജില്ലയിലെ കോജേളുകളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.

മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള സൂരജ് സങ്കൽപ്പ് യാത്ര കടന്നുപോകുന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിവെച്ചത്. ജെഎൻവി സർവകലാശാലയിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ കർഷക സമരത്തെ തുടർന്ന് ശ്രദ്ധാകേന്ദ്രമായിമാറിയ സിക്കറിലെ എസ് കെ കൊമേഴ്‌സ് കോളേജ്, എസ് കെ സയൻസ് കോളേജ് എന്നിവിടങ്ങളിൽ എല്ലാ സ്ഥാനത്തേക്കും എസ്എഫ്‌ഐ സ്ഥാനാർഥികൾ ജയിച്ചു. എസ് കെ ആർട്‌സ് കോളേജിൽ ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here