ക്രൊയേഷ്യയെ ആറടിയില്‍ മുക്കി സ്‌പെയിന്‍; എന്റിക്വെയുടെ കീഴില്‍ സ്‌പെയിനിന്റെ തിരിച്ചുവരവ്

റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളിന് തോല്‍പ്പിച്ച് സ്‌പെയ്ന്‍. യുവേഫ നാഷണ്‍സ് കപ്പില്‍ സ്‌പെയ്‌നിന്റെ ഹോം ഗ്രൗണ്ടിലാണ് ക്രൊയേഷ്യയെ തകര്‍ത്തത്.

ആറു ഗോളുകള്‍ക്ക് വഴങ്ങിയ ക്രൊയേഷ്യക്ക് ഒരെണ്ണം പോലും തിരിച്ചടിക്കാനായില്ല. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്.

മാരിയോ മാന്‍സൂക്കിച്ച്, ഗോള്‍കീപ്പര്‍ സുബാസിച്ച് തുടങ്ങിയവര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോളിനോട് വിടപറഞ്ഞതിനെ തുടര്‍ന്ന് പുതിയ ടീം കെട്ടിപ്പടുക്കുന്ന പരിശീലകന്‍ ലോകകപ്പ് കളിച്ച ഏതാനും താരങ്ങളെ മാത്രമാണ് ടീമിലുള്‍പ്പെടുത്തിയിരുന്നത്. ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, പെരിസിച്ച്, വിദ എന്നീ മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് ക്രൊയേഷ്യ സ്‌പെയ്‌നിനെ നേരിടാനിറങ്ങിയത്.

24ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. 33ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. 2-0. രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ലോവ്‌റെ കാലിനിച്ചിന്റെ ബാക്ക് പാസ് ഗോള്‍കീപ്പര്‍ കാലിനിച്ചിന്റെ കൈയില്‍ നിന്ന് വഴുതി ഗോള്‍വര കടന്നു. രണ്ടാം പകുതിയില്‍ റോഡിഗ്രോ, റാമോസ്, ഇസ്‌കോ എന്നിവരും സ്‌പെയിനിനായി ലക്ഷ്യം കണ്ടു.

വീഡിയോ കാണാം

ഇതിനു മുന്‍പു നടന്ന സൗഹൃദ മല്‍സരത്തില്‍ ക്രൊയേഷ്യ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെ ഇറങ്ങിയ പോര്‍ച്ചുഗലുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.

ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം ബാഴ്‌സലോണ മുന്‍ പരിശീലകന്‍ ലൂയി എന്റിക്വയുടെ കീഴില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന സ്‌പെയിന്‍ യുവേഫ നേഷന്‍സ് കപ്പില്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ആദ്യമത്സരത്തില്‍ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ് ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പ് നാലില്‍ ഒന്നാമതാണ്.

യുവേഫ നേഷന്‍സ് ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫിന്‍ലന്‍ഡ് എസ്‌തോണിയയെയും (1-0), ഹംഗറി ഗ്രീസിനെയും (2-1), ലക്‌സംബര്‍ഗ് സാന്‍ മരീനോയെയും (3-0), ബല്‍ജിയം ഐസ്‌ലന്‍ഡിനെയും (3-0), ബോസ്‌നിയ ആന്‍ഡ് ഹെര്‍സോഗോവിന ഓസ്ട്രിയയെയും (1-0) തോല്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here