കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം കുറവാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി; കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് കൂടുതല്‍ തുക നല്‍കണം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി നിമ്മക്കയാല ചിന്നരാജപ്പ.

ഇത്രയും ഭീകരമായ പ്രളയക്കെടുതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പക്ഷെ കേന്ദ്രം പ്രഖ്യാപിച്ചത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കേരളത്തിലെ നാശനഷ്ടം പരിഗണിക്കുമ്പോള്‍ ഈ തുക തീരെ കുറവാണ്.

കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് കൂടുതല്‍ തുക നല്‍കണം. 2014ല്‍ വിശാഖപട്ടണത്ത് ഹുദുദ് ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. പക്ഷെ നല്‍കിയത് 400 കോടി രൂപമാത്രമാണെന്ന് ആന്ധ്രയിലെ ദുരന്തനിവാരണവകുപ്പ് മന്ത്രികൂടിയായ ചിന്നരാജപ്പ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആന്ധ്രാപ്രദേശിന്റെ ധനസഹായം കൈമാറാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ആവശ്യമാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ഈ പണം കണ്ടെത്താനാകില്ല. ഈ സാഹചര്യത്തില്‍ സഹായം ആരു നല്‍കിയാലും സ്വീകരിക്കണം.

പക്ഷെ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം.

വിദേശത്തു നിന്നുള്‍പ്പെടെ സഹായം സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം.സ്ഥിരമായി പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന സംസ്ഥാനമാണ് ആന്ധ്ര. പക്ഷെ കേരളത്തിലെ പ്രളയക്കെടുതി അതിലൊക്കെ എത്രയോ വലുതാണ്.

കേരളത്തില്‍ നിന്ന് പ്രളയക്കെടുതി വാര്‍ത്തകള്‍ വന്ന ഉടന്‍ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു ജനങ്ങളോട് സഹായ അഭ്യര്‍ഥന നടത്തി. പത്ര മാധ്യമങ്ങള്‍ വഴിയും, സോഷ്യല്‍ മീഡിയ വഴിയും കേരളത്തെ സഹായിക്കാന്‍ വ്യാപക പ്രചാരണം നല്‍കി.

ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ധനസഹായത്തിനു പുറമെ അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ 13 ജില്ലകളിലും തുറന്നു. ട്രക്കുകളിലും ട്രയിന്‍മാര്‍ഗവും ഇവ കേരളത്തില്‍ എത്തിച്ചു.

മില്ലുടമകളോട് സര്‍ക്കാര്‍ നേരിട്ട് സംസാരിച്ച് റെക്കൊഡ് വേഗത്തില്‍ 2014 മെട്രിക് ടണ്‍ അരി സംഭരിച്ചു. ഇവ മൂന്നുദിവസത്തിനുള്ളില്‍ 115 ട്രക്കുകളിലായി കേരളത്തിലെത്തിച്ചു.

പ്രളയാനന്തരം കേരളത്തില്‍ അരിക്ഷാമത്തിന് സാധ്യതയുണ്ട്. അതിനാല്‍ അരി വില വര്‍ധിക്കാതെനോക്കാന്‍ ആന്ധ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും.ആന്ധ്രയില്‍ നിന്നുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോവര്‍ഷവും ശബരിമലയിലെത്തുന്നത്. പ്രളയത്തില്‍ കനത്ത നഷ്ടമാണ് പമ്പയിലുള്‍പ്പെടെ ഉണ്ടായത്.

ആന്ധ്ര നല്‍കിയ ധനസഹായത്തില്‍ ഒരുഭാഗം പമ്പയുടെ പുനര്‍ നിര്‍മാണത്തിന് വിനിയോഗിക്കണമെന്ന് കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മികച്ച ദുരന്തനിവാരണ സംവിധാനമാണ് ആന്ധ്രയിലുള്ളത്.

മുന്നറിയിപ്പ്, ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലൊക്കെ അനുകരണീയ മാതൃക ആന്ധ്രയിലുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പരിശീനം നല്‍കാന്‍ തയ്യാറാണ്.

പ്രകൃതി ദുരന്തത്തിന് ഇരയായ ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെയും ആന്ധ്ര സഹായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിനു നല്‍കിയതുപോലുള്ള സഹായം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ഇനിയും സഹായം തുടരും. കേരളത്തിന്റെ പുനനിര്‍മാണത്തിന് ആന്ധ്രയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News