ജലന്ധര്‍ ബിഷപ്പിന് പൊലീസിന്‍റെ നോട്ടീസ്; പത്തൊമ്പതിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യും.

ഈ മാസം 19ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കിയതായി ഐജി വിജയ് സാക്കറെ പറഞ്ഞു.

ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും ഐജി വ്യക്തമാക്കി.

കൊച്ചിയില്‍ അഞ്ച് മണിക്കൂറോളം നീണ്ട അവലോകന യോഗത്തിന് ശേഷമാണ് ഐജി വിജയ് സാക്കറെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം അറിയിച്ചത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുമെന്നും ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. 2014- 16 വര്‍ഷങ്ങളില്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവമുണ്ട്.

തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ പൊലീസ് കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഷപ്പിനെ അറസ്റ്റ് ചേയ്യേണ്ടി വരുമെന്ന് നേരത്തേ ഹൈക്കോടയില്‍ അറിയിച്ചത് കന്യാസ്ത്രീ നല്‍കിയ രഹസ്യമൊ‍ഴിയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ സുഭാഷ് വ്യക്തമാക്കി.

എന്നാല്‍ ബിഷപ്പിനെ ജലന്ദറിലെത്തി ചോദ്യം ചെയ്തതോടെ സാക്ഷികളുടെയും പ്രതിയുടെയും വാദിയുടെയും മൊ‍ഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ നാളെ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ അന്വേഷണത്തെക്കുറിച്ചുളള വിശദമായ കാര്യങ്ങള്‍ അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here