കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. എറണാകുളത്തെ ചില്ലറ വില്പനക്കാരായ മട്ടാഞ്ചേരി സ്വദേശികളാണ് പിടിയിലായത്.
തമിഴ്നാട് കമ്പത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മട്ടാഞ്ചേരി സ്വദേശികളായ ഗിന്നർ എന്ന് വിളിപ്പേരുള്ള സുൾഫിക്കർ, അൻസൽഷ എന്നിവരാണ് കുമളിയിൽ പിടിയിലായത്.
എക്സൈസിന്റെ പരിശോധനയിൽ നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. ബാഗിനുളളിൽ രണ്ട് പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കമ്പത്ത് നിന്ന് മുപ്പത്തിയ്യായിരം രൂപ മുടക്കിയാണ് കഞ്ചാവ് വാങ്ങിയത് എന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി.
മുമ്പും ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി കെ രഘു പറഞ്ഞു.
പ്രതികളുടെ പേരിൽ മോഷണം ഉൾപ്പെടെ മറ്റു കേസുകളും ഉണ്ട്. കഞ്ചാവ് എറണാകുളത്ത് എത്തിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചില്ലറ വില്പന നടത്തുന്നവരാണ് ഇരുവരും.
അമ്പത് ഗ്രാമിന്റെ പൊതികൾ രണ്ടായിരം രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. പെൺകുട്ടികൾക്ക് വില കുറച്ച് വില്പന നടത്തിയിരുന്നതായും പ്രതികൾ എക്സൈസിനോട് പറഞ്ഞു.
കേരള -തമിഴ്നാട് അതിർത്തി മേഖലകൾ വഴി കഞ്ചാവ് കടത്ത് വ്യാപകമായതോടെ എക്സൈസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.