ബിഷപ്പിനെതിരായ പരാതി: പൊലീസ് അന്വേഷണം കാര്യക്ഷമം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും കോടിയേരി ബാലകൃഷ്ണന്‍

ജലന്തര്‍ ബിഷപ്പിനെതിരായി കന്യാസ്‌ത്രീ നല്‍കിയ പരാതി സംബന്ധിച്ച്‌ പോലീസ്‌ കാര്യക്ഷമമായ അന്വേഷണമാണ്‌ നടത്തുന്നതെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

അന്വേഷണം സംബന്ധിച്ച്‌ സര്‍ക്കാരിനെതിരെ ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന ആരോപണത്തിന്‌ ഒരു അടിസ്ഥാനവുമില്ലെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ വന്നശേഷം ഉയര്‍ന്നുവന്ന എല്ലാ സ്‌ത്രീ പീഡന പരാതികളിലും പോലീസ്‌ കര്‍ക്കശമായ നടപടി എടുത്തിട്ടുണ്ടെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമുള്ളതാണ്‌.

വിശദമായ അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ്‌ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നത്‌.

ഇത്തരം ചില കേസുകളില്‍ ആദ്യഘട്ടത്തില്‍ പോലീസ്‌ നടപടികളെ സംശയത്തോടെ വീക്ഷിച്ചവര്‍തന്നെ പിന്നീട്‌ തിരുത്തി പോലീസിനെ അഭിനന്ദിക്കുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നതും നാം ഓര്‍ക്കേണ്ടതാണ്‌.

സിപിഐഎമ്മിന്റേയും എല്‍.ഡി.എഫിന്റേയും സ്‌ത്രീപക്ഷ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കേസ്‌ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന സ്ഥിതി ഈ ഗവണ്‍മെന്‍റ് വന്നശേഷം ഉണ്ടായിട്ടില്ല.

ഈ കേസിലും ഊര്‍ജിതമായ അന്വേഷണത്തിലൂടെ നിയമാനുസൃതമായ നടപടി പോലീസ്‌ സ്വീകരിക്കുമെന്നാണ്‌ കരുതുന്നതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here