കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പിനെ നിയമനടപടിക്ക് വിധേയമാക്കി കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍

കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പിനെ നിയമനടപടിക്ക് വിധേയമാക്കി കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജലന്ധര്‍ ബിഷപ്പിന്‍റെ പീഡനത്തിനിരയായ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കോട്ടയം DYSP യുടെ നേതൃത്വത്തില്‍ പൊലീസ് ടീം നടത്തിവരുന്ന അന്വേഷണം തൃപ്തികരമാണെന്ന് പരാതിക്കാരിയുടെ കുടുംബാംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിരിക്കയാണ്.

അന്വേഷണ നടപടികള്‍ അതിന്‍റെ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. എത്രയും പെട്ടെന്ന് അന്വേഷണ നടപടികള്‍ പൂര്‍ത്തികരിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

കന്യാസ്ത്രീക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏതാനും കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ ഈ അവസരത്തില്‍ ചിലര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.

അന്വേഷണം തൃപ്തികരമായി നടക്കുന്നുവെന്ന് സമരത്തിലിരിക്കുന്ന കന്യാസ്ത്രീകളും മാധ്യമങ്ങളോട്പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉയര്‍ന്നവന്ന സ്ത്രീപീഡനകേസുകളിലെല്ലാം നിക്ഷ്പക്ഷമായും നീതിയുക്തമായും അന്വേഷണം നടത്തുന്നതിനും പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നീതിലഭ്യമാക്കുന്നതിനും കേരള പൊലീസ് മാതൃകാപരമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന് വന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ശരിയാണെന്ന് കാണുന്നപക്ഷം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here