പികെ ബഷീറിന്റെ കൊലവിളി; കേസ് നിലനില്‍ക്കും; കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി

ദില്ലി: കൊലപാതകക്കേസ് പ്രതികളെ രക്ഷിക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയ പികെ ബഷീര്‍ എംഎല്‍എക്കെതിരായ കേസ് നിലനില്‍ക്കും.

കേസ് പിന്‍വലിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി വിധി.

ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്റെ കൊലപാതകത്തില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയ പികെ ബഷീറിനെതിരായ കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു റദ്ദാക്കിയത്.

എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസട്രേറ്റ് കോടതി വിധി റദ്ദാക്കുകയും കേസ് വീണ്ടും പരിഗണിക്കാന്‍ സുപ്രീംകോടതി മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിക്കുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ പോസ്റ്റ്് ഓഫീസല്ലെന്ന് കോടതി നിരീക്ഷിച്ചു.

മതമില്ലാത്ത ജീവനെതിരായ സമരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അക്രമം ഉണ്ടാകുകയും പ്രവര്‍ത്തകരുടെ അക്രമത്തില്‍ ജയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തില്‍ 17 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതികളാക്കപ്പെട്ടു.

എന്നാല്‍ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞ 20ഓളം പേരെ 2008 നവംബര്‍ 20ന് മലപ്പുറം എടവണ്ണയിലെ മുസ്ലിംലീഗ് പൊതു സമ്മേളനത്തില്‍ പികെ ബഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രസംഗത്തെത്തുടര്‍ന്ന് ബഷീറിനെതിരെ എടവണ്ണ പോലീസ് സ്വമേധയ എടുത്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കേസ് പിന്‍വലിക്കുകയായിരുന്നു.

ജയിംസ് അഗസ്റ്റിന്‍ കൊലപാതക കേസില്‍ മഞ്ചേരി അതിവേഗ കോടതിയില്‍ നടന്ന വിചാരണയില്‍ 22 സാക്ഷികള്‍ കൂറ് മാറിയത്. പ്രതികളെ രക്ഷിക്കാന്‍ പികെ ബഷീര്‍ നടത്തിയ ഭീഷണി പ്രസംഗത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഈ കൂറുമാറ്റം.

ഭീഷണിപ്പെടുത്തിയ പികെ ബഷീറിനെതിരെയും കൊലപാതകക്കേസ് പ്രതികളെയും രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ നീക്കത്തിനാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here