ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്ന് തീപടര്‍ന്നു; വന്‍ദുരന്തം ഒ‍ഴിവായത് തലനാരി‍ഴയ്ക്ക് 

കോട്ടയം: ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്ന് തീപടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. കോട്ടയം മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപമാണ് സംഭവം. കൊച്ചിയില്‍ നിന്നും ഇന്ധനവുമായി പോയ ഗുഡസ് ട്രെയിനിന്റെ ടാങ്കറിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയുടെ സമയോജിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം.

ഇരുമ്പനത്തെ യാര്‍ഡില്‍ നിന്നും ഇന്ധനവുമായി തിരുനല്‍വേലിയിലേക്ക് പോയ ഗുഡ്‌സ് ട്രെയിനിന്റെ അവസാനത്തെ ടാങ്കറിലാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം.

ഇലക്ട്രിക്ക് ലൈനില്‍ നിന്നും തീപ്പൊരി ചിതറി ടാങ്കിന് പുറത്തേയ്ക്ക് ഒഴുകിയ ഇന്ധനത്തില്‍ തീപടരുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ അലറി വിളിച്ചതോടെ എഞ്ചിന്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി. അതിനിടയിലെത്തിയ അഗ്‌നി ശമനസേന തീയണച്ചു.

അപ്പോഴും ഗുഡ്‌സ് ട്രെയിനിലെ ആറ് ടാങ്കറുകളില്‍ നിന്നും ഇന്ധനം പുറത്തേക്ക് ചോര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. അഗ്‌നി ശമനസേനയുടെ തുടര്‍ പരിശോധനകള്‍ നടക്കുന്നതിനിടെ സൈറണ്‍ മുഴക്കി മുന്നറിയിപ്പില്ലാതെ ഗുഡ്‌സ് ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനിലേക്ക് മാറ്റി.

മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപത്തും ചിങ്ങവനത്തും ട്രെയിന്‍ പിടിച്ചിട്ടതോടെ ഒന്നര മണിക്കൂറോളം കോട്ടയം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ട്രെയിന്‍ ചങ്ങനാശേരിയിലേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News