ചാരക്കേസ് അന്വേഷണം കടുത്ത പ്രതിസന്ധിയിലാക്കുന്നത് കോണ്‍ഗ്രസിനെ; ജുഡീഷ്യല്‍ സമിതിയുടെ മുമ്പാകെയുളള വെളിപ്പെടുത്തലുകള്‍ പ്രതിക്കൂട്ടിലാക്കുക എ ഗ്രൂപ്പിലെ സമുന്നത നേതാക്കളെ

തിരുവനന്തപുരം: ഐഎസ്ആര്‍ ചാരക്കേസിലെ ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിനേയും യുഡിഎഫിനേയും. കെ കരുണാകരനെതിരെയുളള എ ഗ്രൂപ്പിന്റെ പടയൊരുക്കമാണ് ഐഎസ്ആര്‍ഒ കേസിന് വഴിവെച്ചതെന്ന ആരോപണം ശക്തമാണ്.

നഷ്ടം കെ കരുണാകരന് മാത്രമാണെന്ന് മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും പറഞ്ഞുകഴിഞ്ഞു. മാറിയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ കെമുരളീധരന്റെ ശബ്ദം പതുക്കെയാണെങ്കില്‍ കോണ്‍ഗ്രസിലെ അഞ്ച് നേതാക്കള്‍ക്കെതിരെ പത്മജ കൈചൂണ്ടിക്കഴിഞ്ഞു.

ഇവരുടെ പേരുകള്‍ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തുമെന്ന് പത്മജ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കെ കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി അവഗണന നേരിടുന്ന നേതാക്കളും അനുയായികളും ചാരക്കേസ് ആയുധമാക്കിയേക്കാം.

ചാരക്കേസില്‍ പരസ്യപ്രചാരണം നടത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ പുറത്താക്കലിനെ അകമഴിഞ്ഞ് സഹായിച്ചരാണ് പഴയ തിരുത്തല്‍വാദി നേതാക്കള്‍. ആ സംഘത്തിന്റെ നേതാക്കളിലൊരാളാണ് ഐ ഗ്രൂപ്പിനെ ഇപ്പോള്‍ നയിക്കുന്ന രമേശ് ചെന്നിത്തല.

ഐ ഗ്രൂപ്പ് പിടിച്ചടക്കാന്‍ കെ മുരളീധരന് കിട്ടുന്ന സുവര്‍ണാവസരമാണ് ഇത്. ഇതോടൊപ്പം കരുണാകരന്‍ നിരപരാധിയാണെന്ന എംഎം ഹസന്റെ പഴയ പ്രസ്താവന ഗ്രൂപ്പ് യുദ്ധത്തിന് എരിവും പുളിയും നല്‍കും.

എ ഗ്രൂപ്പിനെ ഇപ്പോള്‍ നയിക്കുന്നവരെ തന്നെയാണ് പത്മജ ഉന്നം വെക്കുന്നതെന്ന് വ്യക്തം. അഞ്ച് നേതാക്കളില്‍ ചെറിയാന്‍ ഫിലിപ്പില്ലെന്ന് വ്യക്തമാക്കിയ പത്മജ ഉമ്മന്‍ചാണ്ടിയടക്കമുളളവരെ കുറ്റവിമുക്തരാക്കാന്‍ തയ്യാറായതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here