ജെഎന്‍യു യൂണിയന്‍ വോട്ടെണ്ണലില്‍ എബിവിപി ആക്രമം; ആദ്യ ഫലങ്ങള്‍ ഇടതുസഖ്യത്തിന് അനുകൂലം; എബിവിപി ആക്രമണത്തെ തുടര്‍ന്ന്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ജെഎന്‍യു യൂണിയന്‍ വോട്ടെണ്ണലില്‍ എബിവിപി ആക്രമം. ഇലക്ഷന്‍ കമ്മിറ്റി ഉദ്യോഗസ്ഥരെയും സുരക്ഷാ ഗാര്‍ഡിനെയും വിദ്യാര്‍ത്ഥിനികളെയും എബിവിപിക്കാര്‍ മര്‍ദ്ധിച്ചു. അക്രമം അഴിച്ചുവിട്ട എബിവിപി പ്രവര്‍ത്തകര്‍ മാപ്പ് പറയാതെ വോട്ടെണ്ണല്‍ തുടരില്ലെന്ന നിലപാടിലാണ് ഇലക്ഷന്‍ കമ്മീഷന്‍.

ഇന്ന് പുലര്‍ച്ചയോടെ എബിവിപി നേതാവായ മുന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു ആക്രമം. വോട്ടെണ്ണല്‍ നടക്കുന്ന സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തായിരുന്നു ആക്രമത്തിന് തുടക്കിമിട്ടത്.

വോട്ടെണ്ണിയ ഒരു പഠനവിഭാഗത്തിലും  എബിവിപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് ഫലം എതിരായതിനാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എബിവിപി അക്രമം അഴിച്ചുവിടുന്നതെന്ന് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. വോട്ടെണ്ണല്‍ പുനരാരംഭിക്കാന്‍ സര്‍വകക്ഷിയോഗം പുരോഗമിക്കുകയാണ്‌.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യഫലങ്ങള്‍ തന്നെ എബിവിപിയ്ക്ക് തിരിച്ചടിയായി. ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനും രണ്ട് എബിവിപി നേതാക്കള്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‍ വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. കാമ്പസില്‍ വ്യാപകമായ അക്രമമാണ് എബിവിപി നടത്തിയത്.

ആദ്യം വോട്ടെണ്ണല്‍ പൂര്‍ത്തിയായ സ്കൂള്‍ ഓഫ് ലൈഫ് സയന്‍സസില്‍ മൂന്നു കൌണ്‍സിലര്‍ സ്ഥാനവും  ഇടതു വിദ്യാര്‍ഥി സഖ്യം നേടി. എബിവിപിയുടെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന ഇവിടെ ആര്‍ എസ് എസ് ബന്ധമുള്ള ഒരു പ്രൊഫസര്‍ എട്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭവും ഇവിടെ നടന്നിരുന്നു. അഖിലേഷ് പ്രതാപ് സിംഗ് ,കൈലാഷ് പ്രസാദ് പ്രജാപതി സുരഭി റാവത്ത് എന്നിവരാണ് വിജയിച്ചത്.

എസ്എഫ്ഐ പിന്തുണയോടെ മത്സരിച്ച പ്രദീപ്ത ദേവനാഥ്  സ്കൂള്‍ ഓഫ് ലൈഫ് ഫിസിക്കല്‍ സയന്‍സിലെ ഏക കൌണ്‍സിലര്‍ സ്ഥാനത്തേക്ക് വിജയിച്ചു. സ്കൂള്‍ ഓഫ് എന്‍വയന്മെന്റ് സയന്‍സിലെ കൌണ്‍സിലര്‍ സ്ഥാനങ്ങളും ഇടത് വിദ്യാര്‍ഥി സഖ്യം നേടി.

സ്കൂള്‍ ഒഫ് കമ്പ്യൂട്ടര്‍ ആന്‍ഡ്‌ സിസ്റ്റംസ് സയന്‍സസില്‍ മൂന്നു കൌണ്‍സിലര്‍ സീറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചതും എബിവിപിയ്ക്ക് തിരിച്ചടിയായി.

എബിവിപി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ ഓഫീസിന് പുറത്ത് സംഘർഷമുണ്ടാക്കുകയും സെക്യൂരിട്ടി ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തതോടെയാണ് വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കംബൈന്‍ഡ് സ്‌കൂളുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് പലതവണ കൗണ്ടിങ്ങ് ഏജെന്റിനെ അയക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എബിവിപി അതിനു തയാറായില്ല. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഏജെന്റിനെ ഉള്ളില്‍ കയറ്റണമെന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഇത് നിയമവിരുദ്ധമായത് കൊണ്ട് അനുവദിക്കപ്പെട്ടില്ല. തുടർന്നാണ് അക്രമണം ആരംഭിച്ചത്

എബിവിപി പ്രവര്‍ത്തകര്‍ കൗണ്ടിങ്ങ് ഓഫീസിന്റെ വാതിലും ബാരിക്കേഡുകളും തകര്‍ത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുകളെ കയ്യേറ്റം ചെയ്തു. ബാലറ്റ് പെട്ടി എടുത്തുകൊണ്ടുപോകാനും ശ്രമം നടന്നു. വോട്ടെണ്ണല്‍ പുനരാരംഭിയ്ക്കാന്‍ സമാവായ ചര്‍ച്ചകള്‍ നടക്കുകയാണ്.

വെള്ളിയാഴ്ച ഒമ്പതുമുതല്‍ അഞ്ചുവരെ നടന്ന വോട്ടെടുപ്പില്‍ 67.8 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പ്രഖ്യാപിക്കും.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പോള്‍ ചെയ്ത വോട്ടും ആകെ വോട്ടും

സ്‌കൂള്‍ ഓഫ് ലാഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് 1767/2531
സ്‌കൂള്‍ ഓഫ് ഇന്റര്‍നനാഷണല്‍ സ്റ്റഡീസ് 879/1341
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് 1325/2163
സയന്‍സ് 1217/1609
ആകെ 5185/7644

ജെഎന്‍യുവിനും രാജ്യത്തിനുമെതിരായ സംഘപരിവാര്‍ കടന്നാക്രമണങ്ങളെ ചെറുക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് ഇടതു വിദ്യാര്‍ഥി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.

എബിവിപി, എന്‍എസ്‌യുഐ, ബിഎപിഎസ്എ സംഘടനകളും മത്സരരംഗത്തുണ്ട്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി ആദ്യമായി മത്സരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel