നാല് ദിനരാത്രങ്ങള്‍, ഇരുപത് പൊലീസുകാര്‍, എന്‍റെ നഗ്ന ശരീരത്തിനുമുന്നില്‍; നമ്പി നാരായണന്‍റെ വിജയം അവരുടേത് കൂടിയാണ്

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്‍റെ നിയപോരാട്ടം അനിവാര്യമായ വിജയത്തില്‍ അവസാനിച്ചിരിക്കുകയാണ്.

സുപ്രീം കോടതി പ്രഖ്യാപിച്ച അന്വേഷണകമ്മീഷന്‍ കേസിന്‍റെ ഉള്ളു കള്ളികളെ വെളിച്ചത്ത് കൊണ്ടുവരുന്നത് തന്നെയാവണം.

എന്നാല്‍ ചാരക്കേസ് കോണ്‍ഗ്രസ് ഗ്രൂപ്പ് വ‍ഴക്കിന്‍റെ അധികാര തര്‍ക്കത്തിന്‍റെ മാത്രം അടയാളമായി കാണരുത്.

ചാരക്കേസെന്ന നെറികേടുകൊണ്ട് എല്ലാം നഷ്ടപ്പെട്ടത് കരുണാകരന് മാത്രമാണെന്ന് പറയുന്നവര്‍ കാണാതെ പോവുന്ന ചില നിശബ്ദമായ ചില പോരാട്ടങ്ങളുണ്ട്.

നമ്പി നാരായണന്‍ രക്ഷപ്പെടുത്തിയത് കരുണാകരനെയല്ല മറിയം റഷീദിനെയും, ഫൗസിയ ഹസ്സനെയുമാണ്

4 days., 4 night., 18 or 20 police officers front of my naked body !!

– mariam Rasheed !

നമ്പി നാരായണൻ  നീതി കിട്ടിയ വാർത്തയോട് പത്മജ വേണുഗോപാൽ പ്രതികരിച്ചത് കണ്ടപ്പോൾ ഓർത്ത് പോയ പഴയൊരു ബൈറ്റാണിത്.

കരുണാകരൻ മാത്രമാണ് നീതി കിട്ടാതെ അനീതിക്കിരയായി വെന്ത് പോയ ഒരേഒരാളെന്ന് പത്മജ പറയുമ്പോൾ അവർക്കൊക്കെയും ചാര കേസ് വെറും കരുണാകരൻ മാത്രമായിരുന്നു. ”ഈശ്വരഭക്താ കരുണാകരാ , ഈച്ചരവാര്യരുടെ മകനെവിടെ”

എന്ന പ്രകമ്പനം കൊള്ളിക്കുന്ന അടിയന്തരാവസ്ഥയിലെ മുദ്രാവാക്യം കേട്ട കേരളത്തിന് വെറുമൊരു കരുണാകരനല്ല ചാരക്കേസിന്റെ ചാരം! ഉമ്മൻചാണ്ടിയും ചാണ്ടിയുടെ പത്രങ്ങളും ആന്റണിയുടെ കണ്ണടച്ച പാലുകുടിയും ഇല്ലാതാക്കിയ മനുഷ്യരുടെ എണ്ണം രാജ്യാതിർത്തിക്ക് പുറത്തേക്ക് നീണ്ടു.

മാലി സ്വദേശികളായ മറിയം റഷീദും , ഫൗസിയ ഹസ്സനും ജയിലിനുള്ളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പോലീസുകാർ അവരോട് മോശമായി പെരുമാറി. അവസാനം രക്ഷപെട്ട് പുറത്തേക്ക് വന്നപ്പോൾ അവരോട് മൈത്രേയൻ പറഞ്ഞു,

”മറിയം , നിങ്ങൾക്ക് നിയമനടപടി ആലോചിച്ച് കൂടെ.”

ദയനീയമായൊരു നോട്ടമായിരുന്നു ഉത്തരം. വൈകി കിട്ടുന്ന നീതിക്ക് മുമ്പിൽ കലഹങ്ങളില്ലാതെ നിന്ന് പോകുന്ന 2 പെണ്ണുങ്ങളോട് മലയാളം പെരുമാറിയത് എങ്ങനെയാണ്.

മനോരമ എഴുതിപെരുപ്പിച്ച നുണകളുടെ അസ്ത്രം തുളച്ചത് അവരുടെ പ്രതീക്ഷകളിലാണ്.അവരുടെ രാജ്യം ഭൂപടത്തിൽ വലിയ വർണനകൾക്ക് ഇടം നൽകാത്തത് കൊണ്ട്, കേരളം രക്ഷപെട്ടു.

ഒരു യൂറോപ്പ് കാരി ആയിരുന്നു അവരെങ്കിൽ കേരളം നഷ്ടപരിഹാരം കൊടുത്ത് ചരിത്രത്തിൽ രസമില്ലാത്തൊരു ചിത്രം വരക്കുമായിരുന്നു.

ഇന്ത്യ എന്ന രാജ്യമാണ് അവരോട് അനീതി കാണിച്ചത്.കോൺഗ്രസ് പാർട്ടിയുടെ സ്വകാര്യമായ അധികാരത്തർക്കത്തിന്റെ ഫലമായി ഒരു ജനാധിപത്യരാജ്യത്തിന്റെ ശിരസ്സ് താഴ്ന്നു.

കുട്ടിക്ക് പഠിക്കാനായി ഒരു സ്കൂൾ തേടി വന്ന മറിയത്തെ പോലീസ് പിടിക്കുകയായിരുന്നു. പിന്നീട് റഷീദയുടെ കഥകളുണ്ടാക്കി, ശശികുമാറിൽ തുടങ്ങി നമ്പിയിൽ അവസാനിപ്പിക്കുകയായിരുന്നു പോലീസ്, എന്നാൽ കുറ്റക്കാരല്ല എന്ന്‌ ഉറപ്പുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ സംരക്ഷിച്ചു എന്ന പ്രശ്നത്തിലാണ് കരുണാകരൻ കളത്തിലേക്ക് വരുന്നത്, പിന്നീട് അത് സൂത്രത്തിൽ ഉപയോഗിക്കപ്പെട്ടു.

കരുണാകരൻ രാഷ്ട്രീയ ഇരയായിരുന്നു എങ്കിൽ മറ്റുള്ളവർ ജീവിതം റദ്ദ് ചെയ്തിട്ടാണ് സ്വദേശം തേടി പോയത്.കോൺഗ്രസ് ചെയ്ത രാജ്യദ്രോഹത്തിന്റെ ഒരു രാഷ്ട്രീയ മുഖം മാത്രമായിരുന്നു കരുണാകരൻ.

പത്മജക്കും മുരളീധരനും നഷ്ടപെട്ട പ്രിവിലേജ് സാഹചര്യങ്ങളുടെ, രാഷ്ട്രീയ ഇടങ്ങളുടെ നഷ്ടബോധമാണ് ചാരക്കേസ് എങ്കിൽ മലയാളിക്ക് അത് അങ്ങനെയല്ല.

മനോരമക്ക്, സ്വന്തം താല്പര്യങ്ങൾക്കും ജാതിക്കും പറ്റിയ ഒരു അശ്ലീലത്തെ മുഖ്യധാരയുടെ മുമ്പിലേക്ക് എഴുന്നള്ളിക്കാനുള്ള അവസരമായിരുന്നു ചാര കേസ് എങ്കിൽ നമ്പിക്ക് അത് സ്നേഹിച്ച രാജ്യം നൽകിയ ശിക്ഷയായിരുന്നു.

നമ്പി ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത് നല്ല തിളക്കത്തോടെയാണ്, ഒരു ഇരക്കും ഒരിടത്തും നടത്താനാവാത്ത പോരാട്ടത്തിന്റെ സംതൃപ്തിയുള്ള റിസൾട്ട് ഈ നാടിന് സമ്മാനിച്ച നമ്പിയോട് നമ്മൾ കടപ്പെടുന്നു.

നമ്പി രക്ഷപെടുത്തിയത് കരുണാകരനെ ആണെന്ന് വെറുതെ പറയല്ലേ, റഷീദക്കും ഫൗസിയക്കും വേണ്ടി നടത്തിയ പോരാട്ടം കൂടിയാണിത്. പത്മജയോടല്ല,മാലിയിലെ ആ സിനിമാനടിയോട് ചോദിക്കണം വേദനകളുടെ കടുപ്പത്തെ കുറിച്ച്.
സെയ്ദ് ആബി ഫെയ്സ്ബുക്കില്‍ എ‍ഴുതിയ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News