പട്ടാമ്പിയില്‍ കോണ്‍ഗ്രസിനുള്ളില്‍ കലാപം; സമാന്തര കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് വിമത വിഭാഗം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ കോണ്‍ഗ്രസിനകത്ത് കലാപം. കെപിസിസി അംഗത്തെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ സമാന്തര കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് കരുത്ത് തെളിയിച്ച് വിമത വിഭാഗം.

കോണ്‍ഗ്രസ് മുസ്ലീംലീഗിന് അടിമപ്പെട്ടിരിക്കുകയാണെന്നും മുസ്ലീംലീഗിന്റെ പിന്തുണയോടെ ഒരു വിഭാഗം കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് വിമത വിഭാഗത്തിന്റെ ആരോപണം.

കെപിസിസി അംഗം ടിപി ഷാജിയെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് നാളുകളായി പട്ടാമ്പിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലേക്കെത്തിയിരിക്കുന്നത്.

മുസ്ലീംലീഗിന്റെ പിന്തുണയോടെ ഐ ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ശ്രമിക്കുകയാണെന്നാണ് വിമതരുടെ വാദം. മുസ്ലീംലീഗിനെതിരായി വിമര്‍ശനമുന്നയിച്ചുവെന്ന പേരിലാണ് കഴിഞ്ഞ ദിവസം കെപിസിസി അംഗം ടിപി ഷാജിയെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് മുസ്ലീംലീഗിന് അടിമപ്പെട്ട് നില്‍ക്കുകയാണെന്ന് ടിപി ഷാജി പറഞ്ഞു.

മുസ്ലീംലീഗിന്റെ സമ്മര്‍ദ്ധത്തെ ഭയന്ന് എഐസിസിയുടെ തീരുമാനം പോലും നടപ്പിലാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ കൊണ്ടാണ് പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ജീവമായിരിക്കുന്നതെന്നും ടിപി ഷാജി പറഞ്ഞു.

കെപിസിസി അംഗത്തെ സസ്‌പെന്റ് ചെയ്തപ്പോള്‍ പട്ടാമ്പിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ സ്വന്തം നിലയ്ക്ക് വിളിച്ചു ചേര്‍ത്താണ് വിമതര്‍ നേതൃത്വത്തെ ഞെട്ടിച്ചത്. കരുണാകരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. ലീഡര്‍ സാംസ്‌ക്കാരിക വേദിയെന്ന പേരില്‍ പുതിയ കൂട്ടായ്മ കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചു.

നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ അണിചേര്‍ന്നു. സമാന്തര കൂട്ടായ്മയുമായി വിമതര്‍ മുന്നോട്ട് പോവുന്നത് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News