വീണ്ടും ദുരഭിമാനഹത്യയും ആൾക്കൂട്ട കൊലയും .നമ്മുടെ നാടിന് ഇതെന്തുപറ്റി. തെലങ്കാനയിലെ നൽഗുണ്ട ജില്ലയിൽ മേൽജാതിക്കാരിയായ ഒരു യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കീഴ്ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊല്ലുകയാണ് ചെയ്തതെങ്കിൽ മണിപ്പൂരിലെ പടിഞ്ഞാറൻ ഇംഫാലിൽ എംബിഎയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥിയെ വാഹനമോഷ്ടാവെന്ന് ആരോപിച്ച ആൾക്കൂട്ടം തല്ലിക്കൊല്ലുകയാണ് ചെയ്തത്.
ആദ്യത്തേത് ദുരഭിമാനഹത്യയാണെങ്കിൽ രണ്ടാമത്തേത് ആൾക്കൂട്ടക്കൊലയാണ്. രണ്ടും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്തതുമാണ്. ആറുമാസം മുമ്പാണ് രണ്ട് ജാതിയിൽപെട്ട യുവതീയുവാക്കൾ പ്രണയിച്ച് വിവാഹിതരായത്. യുവതിയാവട്ടെ ഗർഭിണിയുമാണ്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് യുവതിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നത്. എന്തിന്റെ പേരിലായാലും ഇത്തരം ദുരഭിമാനഹത്യ ന്യായീകരിക്കത്തക്കതല്ല.
അല്ലലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
എന്ന ചോദ്യത്തിന്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ
ചോദിക്കുന്നു നീർ നാവു വരണ്ടഹോ
ഭീതി വേണ്ട തരികതെനിക്കു നീ
ഇതാണ് മഹാന്മാർ പഠിപ്പിച്ചതെന്ന് നാമോർക്കണം.
വാഹനമോഷണക്കേസിൽ പ്രതിയാണ് യുവാവെന്നത് കേവലം ആരോപണം മാത്രമാണ്. പ്രതിയാണെങ്കിൽ തന്നെ നടപടിയെടുക്കേണ്ടത് പോലീസും കോടതിയുമാണ്. ആൾക്കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തതിൽ ഒരു പോലീസുകാരനുമുണ്ട് എന്നത് അതീവഗൗരവമാണ്.
നീതി നടപ്പിലാക്കേണ്ടവർ ഗുണ്ടകളായി മാറുകയാണ്. സുപ്രീംകോടതി നിരവധി തവണകളിലായി ദുരഭിമാനഹത്യയ്ക്കും ആൾക്കൂട്ട കൊലയ്ക്കുമെതിരെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.
നമ്മുടെ നിയമവ്യവസ്ഥ ഇത്തരം ഗുണ്ടായിസത്തെ അനുകൂലിക്കുന്നില്ല. ഇത്തരം ക്രൂരതകൾക്കെതിരെ ജനകീയ ഇടപെടലുകളാണ് നമുക്ക് വേണ്ടത്.
Get real time update about this post categories directly on your device, subscribe now.