മാവേലി, കേരള എക്‌സ്‌പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽനിന്ന‌്

തിരുവനന്തപുരം: മാവേലി എക‌്സ‌്പ്രസും കേരള എക‌്സ‌്പ്രസും ഇന്നു മുതൽ കൊച്ചുവേളിയിൽ നിന്ന്. മടക്കയാത്രയും കൊച്ചുവേളിയിൽ അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ എത്താത്ത‌ത‌് യാത്രക്കാരെ വലയ‌്ക്കും. തിങ്കളാഴ‌്ച മുതൽ ഒക‌്ടോബർ പത്ത‌ുവരെ 16603/16604 മാവേലി എ‌ക‌്സ‌്പ്രസ‌്, 12625 /12626 കേരള എക‌്സ‌്പ്രസ‌് എന്നീ ട്രെയിനുകൾ കൊച്ചുവേളിയിൽനിന്നാണ‌് പുറപ്പെടുക.

മടക്കയാത്രയും കൊച്ചുവേളിയിൽ അവസാനിപ്പിക്കും. മാവേലി എക‌്സ‌്പ്രസ‌് ഉൾപ്പെടയുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽനിന്ന‌് പുറപ്പെടുന്നത‌് യാത്രക്കാർക്ക‌് വലിയ ബുദ്ധിമുട്ട‌ാകും.

മലബാറിൽനിന്ന‌് ആർസിസി, ശ്രീചിത്ര, മെഡി ക്കൽ കോളേജ‌് തുടങ്ങി ആശുപത്രികളിലേക്ക‌് വരുന്ന രോഗികൾ വലയും. കൊച്ചുവേളിയിലെത്തിയാലും എട്ടുകിലോമീറ്റർ അകലെ നഗരത്തിലേക്ക‌് കൃത്യമായി വാഹനസൗകര്യമില്ലാത്തതിനാൽ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും എത്താൻ യാത്രക്കാർ വൈകും.

തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിലെ രണ്ടാം പ്ലാറ്റ‌്ഫോമിലെ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ‌് നിയന്ത്രണം. ട്രെയിൻ കൊച്ചുവേളിയിൽ എത്തുന്ന സമയത്ത‌് കൂടുതൽ ബസുകൾ എത്തിക്കാൻ കെഎസ‌്ആർടിസിയോട‌് ആവശ്യപ്പെടുമെന്ന‌് റെയിൽവേ അറിയിച്ചു.

അതേസമയം, കേരളത്തിലെ പ്രധാന സ‌്റ്റേഷൻ പരിധിയിൽപ്പോലും ആധുനിക സിഗ്നൽസംവിധാനം ഏർപ്പെടുത്താൻ തയ്യാറാകാത്തതും ദുരിതം ഇരട്ടിപ്പിക്കുന്നു. സിഗ്നൽസംവിധാനം നവീകരിക്കാത്തതിനാൽ കൂടുതൽ ട്രെയിനുകൾ സർവീസ‌് നടത്തുന്നതിനും സമയക്രമം പാലിച്ച‌് ഓടുന്നതിനും കഴിയില്ല.

പഴയ രീതിയിലുള്ള അബ‌്സൊല്യൂട്ട‌് ബ്ലോക്ക‌് സിസ‌്റ്റം (എബിഎസ‌്) ആണ‌് കേരളം ഉൾപ്പെടെ ദക്ഷിണ റെയിൽവേയുടെ പല ഭാഗങ്ങളിലുമുള്ളത‌്. ഈ സംവിധാനമനുസരിച്ച‌് ഒരുസ‌്റ്റേഷനിൽനിന്ന‌് പുറപ്പെടുന്ന ട്രെയിൻ അടുത്തസ‌്റ്റേഷനിൽ എത്തിയാലേ അതേ പാതയിലൂടെ അടുത്ത വണ്ടി വിടാനാകൂ.

സ‌്റ്റേഷനുകളുടെ ഔട്ടർട്രാക്കിൽ ട്രെയിൻ കിടന്നാൽപ്പോലും മറ്റ‌് ട്രെയിനിനുവേണ്ടി ട്രാക്ക‌് എടുക്കാൻ കഴിയില്ല. ആധുനിക സംവിധാനമായ ഓട്ടോമാറ്റിക‌് സിഗ‌്നലിങ്‌ സിസ‌്റ്റം (എഎസ‌്എസ‌്) ഏർപ്പെടുത്തിയാൽ ഈ പ്രശ‌്നം ഒഴിവാക്കാം.

തിരുവനന്തപുരത്തും എറണാകുളത്തും എഎസ‌്എസ‌് ഏർപ്പെടുത്തിയാൽ കൂടുതൽ കാര്യക്ഷമമായി സർവീസ‌് നടത്താനാകുമെന്ന‌് റെയിൽവേ അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News