മുംബൈ നാടകരംഗത്തിന് നഷ്ടമായത് സ്വന്തം അമിതാഭ് ബച്ചനെ; ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വിതുമ്പലോടെ മുംബൈ

മുംബൈ: ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് മുംബൈയിലെ സുഹൃത്തുക്കള്‍ കേട്ടത്.

കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെ രാജു വിട പറയുമ്പോള്‍ വിശ്വസിക്കാനാവാതെയാണ് മുംബൈയിലെ പഴയ സഹ പ്രവര്‍ത്തകരും കുടുംബസുഹൃത്തുക്കളും പ്രതികരിച്ചത്.

പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയില്‍ കുറേക്കാലം ജോലി ചെയ്തിരുന്ന ക്യാപ്റ്റന്‍ രാജു ഇതേ സമയം നഗരത്തിലെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള അമച്വര്‍ നാടക ട്രൂപ്പുകളിലും സഹകരിച്ചിരുന്നു.

ഈ കാലഘട്ടത്തില്‍ മഹാനഗരത്തില്‍ ഒരു വലിയ സൗഹൃദ സാമ്രാജ്യമാണ് ക്യാപ്റ്റന്‍ കെട്ടിപ്പടുത്തത്. മുംബൈയിലെ കലാ ലോകത്ത് അറിയപ്പെടുന്ന നടനായി ക്യാപ്റ്റന്‍ മാറുകയായിരുന്നു.

വ്യക്തിബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്ന ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നാണ് മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ നടന്‍ ബാലാജി പ്രതികരിച്ചത്.

മുംബൈ നാടക ലോകത്തു നിരവധി വര്‍ഷം ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകനെ രണ്ടു ദിവസം മുന്‍പ് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടില്‍ പോയി കണ്ടിരുന്നതാണെന്നും ഏകദേശം രണ്ടു മണിക്കൂറോളം സംസാരിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഊര്‍ജസ്വലനായാണ് കണ്ടതെന്നും ബാലാജി പറഞ്ഞു.

ഒരു കുടുംബം പോലെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും മുംബൈ നഗരം വിട്ടു മലയാള സിനിമയില്‍ സജീവമായിരുന്ന സമയങ്ങളിലും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബാലാജി ഓര്‍മ്മിക്കുന്നു. തലക്കനമില്ലാത്ത ഒരു മനുഷ്യസ്‌നേഹിയാണ് കലാലോകത്തിന് നഷ്ടമായതെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ രാജുവിന്റെ അയല്‍വാസിയായിരുന്നു മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകയായ അഡ്വക്കറ്റ് പദ്മ ദിവാകരന്‍. ചെറുപ്പം മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്ന രാജുവിന്റെ മരണ വാര്‍ത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് പദ്മ ദിവാകരന്‍ പറഞ്ഞു.

തനിക്കൊരു ജേഷ്ഠ സഹോദരനായിരുന്നു രാജുവെന്നും മുംബൈയില്‍ ഉണ്ടായിരുന്ന സമയത്തും പരസ്പരം കുടുംബ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നുവെന്നും അഡ്വക്കേറ്റ് പദ്മ ദിവാകരന്‍ പറഞ്ഞു.

തനിക്ക് ഹിന്ദി ട്യൂഷന്‍ നല്‍കിയിരുന്ന പദ്മ ചേച്ചിയെ കുറിച്ച് പല വേദികളിലും ക്യാപ്റ്റന്‍ രാജുവും പരാമര്‍ശിക്കാറുണ്ടായിരുന്നു.

രാജുവിന്റെ വിവാഹം മുംബൈയില്‍ സാന്താക്രൂസില്‍ വച്ചായിരുന്നുവെന്നും വിവാഹ ശേഷം അന്ന് ഭാണ്ഡൂപില്‍ താമസിച്ചിരുന്ന തങ്ങളുടെ വീട്ടില്‍ ചിലവഴിച്ച നല്ല നാളുകളെ ഓര്‍ത്തെടുത്തു പദ്മാ ദിവാകരന്‍ ബാല്യ കാല സുഹൃത്തിനെ അനുസ്മരിച്ചു.

അസുഖമായി ചികത്സയിലായപ്പോഴും ഇടക്കിടെ പാലാരിവട്ടത്തെത്തി സുഖ വിവരങ്ങള്‍ തിരക്കുമായിരുന്നുവെന്നും മുംബൈയില്‍ വരുമ്പോഴെല്ലാം രാജു വീട്ടിലെത്താറുണ്ടായിരുന്നെന്നും മുന്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പദ്മ ദിവാകരന്‍ പറഞ്ഞു.

500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്റ്റന്‍ രാജു മുംബൈ നാടക ലോകത്തു നിന്നാണ് മലയാള സിനിമയിലേക്ക് ചേക്കേറുന്നത്. മുംബൈ നാടകവേദിയിലെ അമിതാഭ് ബച്ചന്‍ എന്നായിരുന്നു അന്നെല്ലാം രാജു അറിയപ്പെട്ടിരുന്നത്.

പിന്നീട് സിനിമയിലെത്തിയ രാജു മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സ്വഭാവ നടനായിട്ടൂം, വില്ലനായും കഴിവ് തെളിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News