ബാര്‍ കോ‍ഴക്കേസില്‍ നിര്‍ണായക വിധി നാളെ; കെഎം മാണിയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന വിധി

ബാര്‍കോ‍ഴക്കേസില്‍ കെ എം മാണി കുറ്റവിമുക്തനാകുമോ എന്ന് നാളെ അറിയാം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കക്ഷികള്‍ കൊടുത്ത തടസവാദത്തിന്‍ മേല്‍ വാദം പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറയുന്നത്.

നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം

കെ എം മാണിയുടെ രാഷ്ടീയ ജീവിതത്തിന് നിര്‍ണ്ണായകമായ ദിവസമായിരിക്കും നാളെ , കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും അത് കേരള രാഷ്ടീയത്തില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാക്കുമെന്നത് ഉറപ്പ്.

കെ എം മാണിക്ക് ബാറുടമകള്‍ പണം കൈമാറ്റം ചെയ്തു എന്നതിന് തെളിവുകള്‍ ഇല്ലെന്നാണ് രണ്ട് തവണത്തെ അന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ വിജിലന്‍സ് തന്നെ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ കെ എം മാണിയെ പ്രതിയാക്കാന്‍ ക‍ഴിയുന്ന നിരവധി തെളിവുകള്‍ ഉണ്ടെന്നും അതിനാല്‍ തുടരന്വേഷണം വേണമെന്നതാണ് ഹര്‍ജിക്കാരായ വി എസ് അച്യുതാനന്ദന്‍, LDF കണ്‍വീനര്‍ എ വിജയരാഘവന്‍ , പരാതിക്കാരനായ ബിജു രമേശ്,ബിജെപി നേതാവ് വി മുരളീധരന്‍ എന്നീവരുടെ ആവശ്യം.

ഹര്‍ജിക്കാരുടെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ഡി.അജിത്ത്കുമാര്‍ വിധി പറയാനൊരുങ്ങുന്നത്.

കെ എം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും ,പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ബാറുടമയായ ബിജു രമേശ് പീപ്പിള്‍ ടിവിയുടെ പ്രതിദിന വാര്‍ത്ത സംവാദപരിപാടിയായ ന്യൂസ് ആന്‍ഡ് വ്യൂസില്‍ വെച്ചാണ് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്.

ഇതേ തുടര്‍ന്ന് 2015 ല്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് കെ എം മാണിയെ പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here