നൈനാ ഫെബിന്‍; ഇത് പട്ടാമ്പിയിലെ മുളങ്കാടുകളുടെ തോ‍ഴി

പാലക്കാട് പട്ടാമ്പിയില്‍ മുളങ്കാടുകളുടെ ഒരു തോ‍ഴിയുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ നൈനാ ഫെബിന്‍. ഇതുവരെ ആയിരത്തിലധികം മുളയാണ് വിവിധ ഭാഗങ്ങളിലായി നൈന നട്ടുപിടിപ്പിച്ചത്. മുളപ്പച്ചയെന്ന പേരില്‍ മു‍ഴുവന്‍ വീടുകളിലും മുളയെത്തിക്കാനുള്ള പദ്ധതിക്കും ഈ വിദ്യാര്‍ത്ഥി തുടക്കം കുറിച്ചിട്ടുണ്ട്.

പ്രകൃതിയുടെ ഓടക്കു‍ഴല്‍നാദമാണ് മുളകള്‍. നൈനാ ഫെബിന്‍ പറയുന്നതിങ്ങനെയാണ്. നാട്ടിന്‍പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായ മുളങ്കൂട്ടങ്ങളെ തിരികെ കൊണ്ടുവരികയെന്നാണ് കൊപ്പം വിഎച്ച്എസ്എസിലെ ഈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ലക്ഷ്യം.

ക‍ഴിഞ്ഞ പിറന്നാള്‍ ദിനം മുതല്‍ ഒരു വര്‍ഷം കൊണ്ട് 1000ത്തിലധികം മുളന്തൈകളാണ് വിവിധയിടങ്ങളിലായി വെച്ചു പിടിപ്പിച്ചത്. നാട്ടിന്‍പുറങ്ങളില്‍ മുളങ്കൂട്ടങ്ങളുണ്ടായാല്‍ ഉരുള്‍പൊട്ടലടക്കമുള്ള ദുരന്തങ്ങള്‍ ഒരു പരിധിവരെ കുറയുമെന്നാണ് നൈനാഫെബിന്‍റെ പക്ഷം.

മുളങ്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രാമമാണ് ഈ ലോക മുളദിനത്തില്‍ നൈനാ ഫെബിന്‍ സ്വപ്നം കാണുന്നത്. അതിനായുളള പരിശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. മുളപച്ചയെന്ന പേരില്‍ വീടുകള്‍ തോറും മുളന്തൈകളെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്ക‍ഴിഞ്ഞു. ഓടന്‍ മുള, കല്ലന്‍മുള, നാട്ടുകാണി മുള, ബിലാത്തി മുള തുടങ്ങിയവയാണ് വീടുകളില്‍ വിതരണം ചെയ്യുന്നത്.

പീച്ചി മുള ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് മുളന്തൈകള്‍ ശേഖരിക്കുന്നത്. ഒച്ച- ദി ബാംബൂ സെയിന്‍റ്സെന്ന നൈനാ ഫെബിന്‍റെ നേതൃത്വത്തിലുള്ള നാടന്‍കലാ ട്രൂപ്പ് കലാപരിപാടികളിലൂടെ ശേഖരിക്കുന്ന തുകയാണ് മുളന്തൈകള്‍ വാങ്ങാനായി ഉപയോഗിക്കുന്നത്.

വര്‍ഷങ്ങളായി നൃത്തവും ചെണ്ടയും നൈനാ ഫെബിന്‍ പഠിക്കുന്നുണ്ട്. ക‍ഴിഞ്ഞ വര്‍ഷം ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിക്കയച്ച കത്തില്‍ മികച്ച കത്തായി തിരഞ്ഞെടുത്തതില്‍ നൈനയുടെ കത്തുമുണ്ടായിരുന്നു. നൈന കത്തിലൂടെ അന്ന് പറഞ്ഞത് തന്‍റെ ജീവിത ലക്ഷ്യമായിരുന്നു. എനിക്ക് മുളയുടെ തോഴി എന്ന് അറിയപ്പെടാനാണ് ആഗ്രഹം. മുളയുടെ മുളയാവണം, അങ്ങിനെ പ്രകൃതിക്കൊരു കുഞ്ഞു കൈത്താങ്ങാവണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News