കന്യാസ്ത്രീ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

ചോദ്യംചെയ്യലിന് നാളെ ഹാജരാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അന്വേഷണ സംഘത്തെ ഫോണിൽ വിളിച്ചാണ് ബിഷപ്പ് ഇക്കാര്യമറിയിച്ചത്. ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലി അന്വേഷണസംഘം പൂർത്തിയാക്കി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ , ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനെ ഫോണിൽ വിളിച്ചാണ് ഹാജരാകുന്നതിനെ കുറിച്ച് അറിയിച്ചത്. പൊലീസ് നിർദേശിക്കുന്ന സമയത്ത് ചോദ്യംചെയ്യലിന് എത്താമെന്ന് ബിഷപ്പ് അറിയിച്ചു.

ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് വൈക്കം ഡിവൈഎസ്പി ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എസ്പി നിർദേശിച്ചു.

അതേസമയം ചോദ്യംചെയ്യൽ എവിടെയാകുമെന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വൈക്കം ഡിവൈഎസ്പി ഓഫീസ്, ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യൽ കേന്ദ്രം, കോട്ടയത്തെ പോലീസ് ക്ലബ്ബ് എന്നിവയാണ് ചോദ്യം ചെയ്യാൻ പൊലീസ് പരിഗണിക്കുന്ന കേന്ദ്രങ്ങൾ.

അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നൽകിയത്. ചോദ്യംചെയ്യൽ 3 ദിവസം വരെ നീണ്ടു നിൽക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here