സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയില്‍; 3 ദിവസമാക്കി ചുരുക്കി നടത്താൻ തീരുമാനം

സംസ്ഥാന സ്കൂൾ കലോത്സവം 3 ദിവസമാക്കി ചുരുക്കി നടത്താൻ തീരുമാനം. ഡിസംബര്‍ ഏഴ്, എട്ട് ഒമ്പത് തീയതികളില്‍ ആലപ്പുഴയില് നടത്താനാണ് ക്യൂ.ഐ.പി‍. യോഗം തീരുമാനിച്ചത്.

രചനാമത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ നടത്തില്ല. കായികമേള ഒക്ടോബര്‍ 26,27,28 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ഗെംയിംസ് ഇനങ്ങള്‍ക്ക് സംസ്ഥാനതല മത്സരം ഉണ്ടാകില്ല. അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ രണ്ടാം വാരം നടത്താനും തീരുമാനമായി.

ഗുണമേൻമാ പരിശോധനാ സമിതിയോഗത്തിലാണ് സംസ്ഥാന സ്കൂൾ കലോത്സവം അഞ്ചില്‍ നിന്ന് മൂന്നു ദിവസമായി ചുരുക്കാൻ തീരുമാനിച്ചത്. രചനാമത്സരങ്ങള്‍ ജില്ലാതലത്തില്‍ നടത്തി മികച്ച രചനകള്‍ സംസ്ഥാനതലത്തില്‍ പരിഗണിക്കും. ജില്ലകളില്‍ ഒരേ സമയത്ത് സമാന വിഷയങ്ങള്‍ നല്‍കിയായിരിക്കും രചനാമത്സരങ്ങള്‍ നടത്തുക.

സ്‌കൂള്‍ തലമത്സരങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 വരെയും സബ് ജില്ലാ മത്സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്നു വരെയും ജില്ലാതലം നവംബര്‍ 12 മുതല്‍ 24 വരെയായും നടത്തും. സബ് ജില്ലാതലത്തില്‍ ഒരു ദിവസവും ജില്ലാതലത്തില്‍ പരമാവധി രണ്ടു ദിവസവും കൊണ്ട് മത്സരങ്ങള്‍ തീര്‍ക്കണം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഒക്ടോബർ 26,27,28 തായതികളിലായി സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തും. ഓരോ ഇനത്തിനും ജില്ലയില്‍ നിന്നും സംസ്ഥാന തല മത്സരത്തിന് രണ്ട് എന്‍ട്രികള്‍ മാത്രമേ ഉണ്ടാകൂ. ഗെയിംസ് മത്സരങ്ങള്‍ സോണല്‍ അടിസ്ഥാനത്തില്‍ നടത്തിത്തീര്‍ക്കും.

ചെലവ് ചുരുക്കലിന്‍റെ പേരില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വിമര്‍ശിച്ചു. സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ 26,27,28 തീയതികളിൽ കൊല്ലത്തും ശാസ്ത്രോത്സവം നവംബർ 24,25 തീയതികളിൽ കണ്ണൂരിലുമായി നടത്തും.

പാദവാർഷിക പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍ 15നു മുന്‍പ് ക്ലാസ് ടെസ്റ്റുകള്‍ നടത്താനും ക്യു ഐ പി യോഗം ശുപാര്‍ശ ചെയ്തു. അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ രണ്ടാം വാരം നടത്താനും തീരുമാനമായി. SSLC പരീക്ഷയിലും മാറ്റമുണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News