മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

മെഡിക്കല്‍ കോളേജുകളുടെ പരിശോധന ഉള്‍പ്പടെയുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി ഇന്‍ഫോസിസ് സ്ഥാപകനായ നന്ദന്‍ നിലക്കേനിയെ നിയമിച്ചു. വിവിധ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.കേസില്‍ കബില്‍ സിബലിനെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനാണ് സുപ്രീംകോടതി ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലക്കേനിയെ നിയമിച്ചത്.

ഇക്കാര്യങ്ങള്‍ പഠിക്കാന്‍ നിലക്കേനിക്ക് ടാറ്റാ കണ്‍സല്‍ട്ടന്‍സി സെര്‍വീസ് പോലുള്ള സ്ഥാപനങ്ങളുടെ സഹായം തേടാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലിനെ കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചു.

തൊടുപുഴ അല്‍ അസര്‍,വയനാട് ഡിഎം,അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജുകള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം സര്‍വത്ര അഴിമതിയാണെന്നും വിദ്യാഭ്യാസം കച്ചവടമായെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഈ നിരീക്ഷണത്തിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവെന്നത് ശ്രദ്ധേയമാണ്. നിലക്കേനിയുടെ മാനേജ്‌മെന്റ് വൈദഗ്ദ്യത്തെ പരിഗണിച്ചുകൊണ്ടുകൂടിയാണ് ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ചെയര്‍മാനായും നിലക്കേനി പ്രവര്‍ത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here