എന്താണ് ക്രൗഡ് ഫണ്ടിംഗ് ?; നവകേരള നിര്‍മ്മിതിക്ക് ക്രൗഡ് ഫണ്ടിംഗ് എങ്ങനെ ഉപയോഗപ്പെടുത്തും?: തോമസ് എെസക്

യുവാക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് ആശ്രയിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്.

എന്നാൽ പ്രളയാനന്തര പുനർനിർമ്മാണത്തിൽന് എങ്ങനെയാണ് ക്രൗഡ് ഫണ്ടിംഗ് ഉപയോഗപ്പെടുത്തുക? ഇതാണ് പലരും എന്നോടു വിളിച്ചു ചോദിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തെ സഹായിക്കാൻ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വരുന്നുണ്ട്. വിദേശികളും കോർപറേറ്റുകളുമൊക്കെ അതിൽ ഉൾപ്പെടുന്നു.

പലതരം സഹായം അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുവായ സഹായമല്ലാതെ, പ്രത്യേക പദ്ധതികളിൽ പണം മുടക്കാൻ താൽപര്യമുള്ളവരുണ്ട്.

ഉദാഹരണത്തിന് പ്രളയത്തിൽ തകർന്നുപോയ 5000 വീടുകൾ പുനർനിർമ്മിക്കാനും 20000 വീടുകളുടെ കേടുപാടുകൾ തീർക്കാനുമുണ്ടെന്നിരിക്കട്ടെ.

ഇതു മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുക്കാൻ മേൽപ്പറഞ്ഞ ഒരു വിഭാഗത്തിനും കഴിവുണ്ടാകില്ല. എന്നാൽ ചെറിയ യൂണിറ്റുകളാക്കിയാൽ പദ്ധതി ഒറ്റയ്ക്കോ കൂട്ടായോ സ്പോൺസർ ചെയ്യാം. ഒരാൾക്ക് ഒരു പഞ്ചായത്തിൽ പത്തോ ഇരുപതോ വീടു നിർമ്മിച്ചുകൊടുക്കാൻ കഴിഞ്ഞേക്കാം.

ഒരു കോർപറേറ്റ് കമ്പനിയ്ക്ക് ഒരു പഞ്ചായത്തിലെ മുഴുവൻ വീടും നിർമ്മിച്ചുകൊടുക്കാൻ കഴിഞ്ഞേക്കാം. ഇങ്ങനെ സന്മനസുള്ള അനേകംപേർ കൈകോർക്കുമ്പോൾ വീടു നിർമ്മാണം പൂർത്തിയാക്കാം.

മേൽപ്പറഞ്ഞ രീതിയിൽ പദ്ധതിയിൽ പങ്കെടുക്കുന്നതിന് പണം ദുരിതാശ്വാസനിധിയിൽ അടയ്ക്കണമെന്നില്ല. സർക്കാരിന്റെ അക്രെഡിറ്റേഷൻ ഉള്ള ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാം.

വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ സർക്കാർ നിശ്ചയിക്കും. അതു പരിഗണിച്ചുകൊണ്ടുതന്നെ സുരക്ഷയും സുസ്ഥിരതയും ഗുണഭോക്താവിന്റെ താൽപര്യവും കണക്കിലെടുത്തുള്ള ഭേദഗതികൾ വരുത്താനും സ്വാതന്ത്ര്യമുണ്ടാകും.

ഉദാഹരണത്തിന് കുട്ടനാട്ടിൽ പണിയുന്ന വീടുകളാണെങ്കിൽ തൂണുകളിൽ ഉയർത്തിയ വീടുകൾ പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ ലോകമെമ്പാടുമുള്ള സുമനസുകൾ പങ്കുചേരുന്ന കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ വീടുകൾ മുഴുവൻ പണിയാം.

വീടു മാത്രമല്ല, കക്കൂസ്, റോഡുകൾ, പാലങ്ങൾ, ആശുപത്രി, സ്കൂൾ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം പുനർനിർമ്മാണം ഈ രീതിയിൽ നടത്താം.

നിർമ്മാണപ്രവൃത്തികൾ മാത്രമല്ല, ഉപജീവനത്തിന് കൃഷി, മത്സ്യബന്ധനം, കൈവേല തുടങ്ങിയവയ്ക്കുള്ള പുനരുദ്ധാരണ പ്രൊജക്ടുകളും ഏറ്റെടുക്കാം.

ഉദാഹരണത്തിന് ചേന്നമംഗലം കൈത്തറി. അഞ്ചോ ആറോ ഘടകങ്ങളായി തിരിച്ചാൽ പുനരുദ്ധാരണം പലർക്കായി ഏറ്റെടുക്കാം.

ഒരു പഞ്ചായത്തിനെത്തന്നെ ഏതാനുംപേർ ചേർന്നോ ഏതെങ്കിലും ഒരു കോർപറേറ്റ് സ്ഥാപനത്തിനോ ഏറ്റെടുക്കാവുന്നതാണ്.

സിഎസ്ആർ പ്രൊജക്ടുകൾ സംബന്ധിച്ച കമ്പനി നിയമത്തിലെ ഷെഡ്യൂൾ ഏഴിലുള്ള എല്ലാവിധ പ്രോജക്ടുകളും ഇത്തരത്തിൽ ക്രൗഡ് ഫണ്ടിംഗിനായി ഉപയോഗപ്പെടുത്താം.

എങ്ങനെയാണ് പണം മുടക്കാനെത്തുന്ന കേരളത്തിന്റെ അഭ്യുദയകാംക്ഷികൾ പ്രോജക്ടുകളെക്കുറിച്ച് അറിയുക? ഇതിനായി പ്രത്യേകം ഒരു വെബ്സൈറ്റ് തുടങ്ങും. അതിൽ വിവിധയിനം പ്രോജക്ടുകളുടെ വിശദാംശങ്ങൾ ജില്ല, പഞ്ചായത്തു തിരിച്ച് നൽകും.

ഓൺലൈനായി തങ്ങളുടെ താൽപര്യങ്ങളും നിർദ്ദേശങ്ങളും നൽകാനും അവയ്ക്കുള്ള പ്രതികരണങ്ങൾ ലഭിക്കാനും അവസാനം ഓൺലൈനായിത്തന്നെ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാനും കഴിയും.

നിർമ്മാണത്തിന് ആവശ്യമായ പണം കേരള സർക്കാരിനെ ഏൽപ്പിച്ച് സർക്കാർ വഴിയും കാര്യങ്ങൾ ചെയ്യാം. അതല്ലെങ്കിൽ കേരളസർക്കാർ നിയോഗിച്ച ഏജൻസികൾ വഴിയും നടപ്പാക്കാം.

അതുമല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ ദാതാവിന്റെ താൽപര്യത്തിന് അനുസരിച്ച ഏജൻസി വഴിയും പ്രോജക്ടു നടപ്പാക്കാനുള്ള സാധ്യതയുണ്ട്.

ഇത്തരം കാര്യങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നതിനായി ഒരു പ്രത്യേക മിഷനു രൂപം നൽകും. പ്രോജക്ടുകൾ സ്പോൺസർ ചെയ്യുന്നവർക്ക് മിഷനുമായി ബന്ധപ്പെട്ടും കാര്യങ്ങൾ ചർച്ച ചെയ്യാം.

ഇത്തരത്തിൽ ലോകമെമ്പാടുമുള്ള കേരളത്തിന്റെ അഭ്യുദയകാംക്ഷികളെ മുഴുവൻ പങ്കാളികളാക്കിക്കൊണ്ടായിരിക്കും പുനർനിർമ്മാണം നടത്തുക. ഇതിനുള്ള സുപ്രധാന തീരുമാനമാണ് ഇന്നത്തെ കാബിനെറ്റ് കൈക്കൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here