കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നലെ നടന്ന 7 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പൂർണമായും സഹകരിച്ചതായി കോട്ടയം പോലിസ് മേധാവി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളിൽ 104 ചോദ്യങ്ങൾക്കും ഉപചോദ്യങ്ങൾക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഏകദേശം ഏഴര മണിക്കൂറോളം ആദ്യഘട്ടത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ക്കാണ് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി പറയേണ്ടത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഇന്നും ചോദ്യം ചെയ്യല്‍ തുടരുക.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് സംവിധാനമുള്ള പ്രത്യേക മുറി ചോദ്യം ചെയ്യലിനായി സജ്ജീകരിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ബിഷപ്പിന്റെ ശരീരഭാഷയും മുഖഭാവവും നിരീക്ഷിക്കുന്നതടക്കമുള്ള ക്യാമറ സജ്ജീകരണങ്ങളും ഇവിടെയുണ്ട്.

ബിഷപ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അറസ്റ്റ് നടപടികളിലേക്ക് പോകുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും കോട്ടയം എസ്‌ പി ഹരിശങ്കർ ഇന്നലെ വ്യക്തമാക്കി
യിരുന്നു. നേരത്തേ ജലന്ദറിൽ വെച്ച് ഒൻപത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.

എന്നാൽ അന്ന് നൽകിയ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പച്ചക്കള്ളമാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നതും.

ബുധനാ‍ഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ റേഞ്ച് ഐജി വിജയ് സാക്കറെയുടെ കൊച്ചിയിലെ ക്യാമ്പ് ഹൗസില്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News