പുതിയ കെപിസിസി ഭാരവാഹികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ദില്ലി: പുതിയ കെപിസിസി ഭാരവാഹികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന സൂചന നല്‍കി നിയുക്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പദവികള്‍ ആലങ്കാരികമായി കൊണ്ടുനടക്കേണ്ടതല്ല. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി ഭാരവാഹികളായി ചുമതലയേല്‍ക്കുന്ന നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന കാഴ്ച്ചപ്പാടിലാണ് നിയുക്ത പ്രസിഡന്റ്.

ഒരാള്‍ക്ക് ഒരു ചുമതല എന്ന മുല്ലപ്പള്ളിയുടെ നിലപാട് പാര്‌ലിമെന്ററി രംഗത്തേക്ക് തിരികെ വരാന്‍ ശ്രമിക്കുന്ന കെ സുധാകരന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയാകും.

പദവികള്‍ ആലങ്കരികമായി കൊണ്ടുനടക്കേണ്ടതില്ലെന്ന കാഴ്ചപ്പാടിലാണ് മുല്ലപ്പള്ളി. ഇക്കാര്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തന്റെ അഭിപ്രായം മുല്ലപ്പള്ളി രാഹുല്‍ ഗാന്ധിയെ അറിയിക്കും. എന്നാല്‍ ഭാരവാഹികള്‍ മത്സരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍ഡാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയിലും യുവാക്കള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ എല്ലാ വിഭാക്കാരെയും പരിഗണിക്കും.

കെപിസിസി പുനഃസംഘടനാ സംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്യും. വര്‍ക്കിംഗ് പ്രെസിഡന്റുമാരെന്ന പുതിയ സംവിധാനം തന്റെ ജോലി ലഘൂകാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ചടക്കമില്ലാത്ത ആള്‍ക്കൂട്ടമായി പാര്‍ട്ടിയെ മാറ്റില്ലെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്ക് ഒരു പദവി, ജംബോ കമ്മിറ്റികള്‍ വേണ്ട തുടങ്ങിയ മുല്ലപ്പള്ളിയുടെ നിലപാടുകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വിലപ്പോകുമോയെന്നതാണ് ഉയരുന്ന ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here