സിബി മാത്യൂസിനോട് തോന്നുന്നത് സഹതാപം മാത്രമാണെന്ന് നമ്പി നാരായണന്‍

ചാരക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത സിബി മാത്യൂസിനോട് തനിക്കിപ്പോള്‍ തോന്നുന്ന വികാരം സഹതാപം മാത്രമാണെന്ന് നമ്പി നാരായണന്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസിനോടാണ് നമ്പി നാരായണന്‍ ഇക്കാര്യം പറഞ്ഞത്.

”കള്ളം പറയുന്നത് ചിലരുടെ പതിവാണ്. അവരുടെ അടുത്ത് ചെന്ന് നിങ്ങള്‍ പറയുന്നത് കള്ളമാണെന്ന് വീണ്ടും വീണ്ടും പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? സിബി മാത്യൂസ് തുടര്‍ച്ചയായി എന്റെ കാര്യത്തില്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് എന്റെ വിശ്വാസം. എനിക്ക് ഇപ്പോള്‍ സിബിയോട് തോന്നുന്ന വികാരം സഹതാപം മാത്രമാണ്.”-നമ്പി നാരായണ്‍ പറയുന്നു.

നമ്പി നാരായണനും സിബി മാത്യൂസും തമ്മില്‍ നടന്ന കൂടിക്കാഴ്ച, നമ്പിയുടെ താല്‍പര്യപ്രകാരമായിരുന്നെന്ന സിബിയുടെ വിശദീകരണവുമായി ബന്ധപ്പെട്ടാണ് കള്ളം പറയുന്നത് ചിലരുടെ ശീലമാണെന്ന നമ്പിയുടെ പരാമര്‍ശം.

സിബി മാത്യൂസുമായി, സുഹൃത്ത് സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

അന്ന് സിബി മാത്യൂസ് പറഞ്ഞ വാക്കുകള്‍ നമ്പി നാരായണന്‍ പറയുന്നത് ഇങ്ങനെ:

സിബി: ‘മിസ്റ്റര്‍ നമ്പി, ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. ഇത് എന്നെ കൊണ്ട് ചെയ്ച്ചതാണ്. അത് ചെയ്ച്ചത് മധുസുദനന്‍ ആണ്.’

അദ്ദേഹം പറഞ്ഞാല്‍ അങ്ങനെ തന്നെ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, ചെയ്തില്ലെങ്കില്‍ തനിക്ക് അത് പ്രശ്‌നമാകുമെന്നായിരുന്നു സിബി മാത്യൂസിന്റെ മറുപടിയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

‘എന്നാല്‍ സിബിക്ക് അറിയില്ല, മധുസുദനന്‍ എന്റെ അടുത്ത സുഹൃത്താണെന്ന്. സിബിയെ സൂക്ഷിക്കണമെന്ന് മരിക്കും മുന്‍പ് മധുസുദനന്‍ എന്നോട് പറഞ്ഞിരുന്നു. മധുസുദനന്‍, സിബിയെ കൊണ്ട് അങ്ങനെ ചെയിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.’-നമ്പി നാരായണന്‍ പറയുന്നു.

‘സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ വച്ച് നടന്ന ആ കൂടിക്കാഴ്ച, സിബി മാപ്പു പറയുന്നതിനേക്കാള്‍ അധികമായിരുന്നു. എല്ലാം ഒരു ക്യാമറയ്ക്ക് മുന്‍പില്‍, ചാനലിന് മുന്നില്‍, പറയുകയാണെങ്കില്‍ എല്ലാ കേസുകളും പിന്‍വലിക്കാമെന്നും ഞാന്‍ പറഞ്ഞു.

എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്നെ കൊല്ലമെന്ന പേടിയായിരുന്നു സിബിക്ക്.’-നമ്പി നാരായണന്‍ പറയുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിബി മാത്യൂസിനെ കണ്ടിട്ടില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News